Friday, June 24, 2011

പാരഷൂട്ട് വഴി താഴേയ്ക്ക് ....


ഒരു വസ്തു വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കാനുള്ള ഉപകരണമാണ്‌ പാരഷൂട്ട്.

അന്തരീക്ഷത്തില്‍ നിന്ന്‍ ഭക്ഷണം, ഉപകരണം, ആളുകള്‍ ഇവ സുരക്ഷിതമായി താഴേക്ക് ഇറക്കുവാന്‍ ഇത്  ഉപയോഗിക്കുന്നു. വീഴ്ചയില്‍ നിന്ന്‍ സം‌രക്ഷിക്കുക എന്നാണ്‌ പാരഷൂട്ട് എന്ന ഫ്രെഞ്ച് വാക്കിന്റെ അര്‍ഥം.

നമുക്കൊരു പാരഷൂട്ട് നിര്‍മ്മിച്ചാലോ?

ആവശ്യമായ സാധനങ്ങള്‍
തുണി, കട്ടിയുള്ള നൂല്‍, കത്രിക

ആദ്യമായി ഒരു ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പ്ളെയ്റ്റ് അല്ലെങ്കില്‍ അതേ വലുപ്പമുള്ള വൃത്താകൃതിയിലുള്ള മറ്റെന്തെങ്കിലും അടപ്പോ (ചിത്രം നോക്കുക) ഒരു തുണിക്ക് മുകളില്‍ കമഴ്ത്തി വെയ്ക്കുക. ഇനി ഒരു ചോക്ക്  ഉപയോഗിച്ച് പാത്രത്തിന് ചുറ്റും തുണിയില്‍ ഒരു വൃത്തം വരയ്ക്കുക.

ഇനി അടയാളപ്പെടുത്തിയ സ്ഥലത്ത് കൂടി തുണി വൃത്തത്തില്‍ ഒരു കത്രിക ഉപയോഗിച്ച് സൂക്ഷിച്ച് വെട്ടിയെടുക്കുക.

വൃത്തത്തില്‍ വെട്ടിയെടുത്ത തുണി എട്ടായി മടക്കി, ഓരോ മടക്കും ചോക്കുപയോഗിച്ച് അടയാളപ്പെടുത്തുക. (ചിത്രം നോക്കുക)

ഇനി നമുക്ക് ഒന്നര അടി നീളം വീതമുള്ള കട്ടിയുള്ള 8 നൂലുകള്‍ വേണം.

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം ഈ നൂലുകള്‍ വൃത്തത്തിലുള്ള തുണിയുടെ വക്കില്‍ അടയാളപ്പെടുത്തിയ ഓരോ സ്ഥലത്തും കെട്ടിയുറപ്പിക്കുക. 8 നൂലുകളും കുരുങ്ങാതെ താഴേക്ക് തൂക്കിയിടുക.

ഇനി അവയുടെ അഗ്രങ്ങള്‍ ഒരുമിച്ച് കെട്ടി അതില്‍ ചെറിയ ഒരു ഭാരവും കെട്ടിയുറപ്പിക്കുക. ഈ ഭാരത്തേയാണ്‌ നമ്മുടെ പാരഷൂട്ടിന്‌ വഹിക്കേണ്ടത്.

പാരഷൂട്ട് പറക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

കുറച്ച് ഉയരത്തില്‍ നിന്ന്‍ പാരഷൂട്ട് താഴേക്ക് ഇട്ട് നോക്കൂ. തുണിയില്‍ വായു കയറി നിറഞ്ഞ് അത് പതിയെ താഴേക്ക് സഞ്ചരിച്ച് തുടങ്ങും.


© ScienceUncle. All rights resereved.

Wednesday, September 1, 2010

പെരിസ്കോപ്പ്

കാഴ്ചയില്‍ നിന്നും മറഞ്ഞ വസ്തുക്കള്‍ കാണാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പെരിസ്കോപ്പ്. മുങ്ങിക്കപ്പലുകളില്‍ നിന്ന് ജലനിരപ്പിനു മുകളിലുള്ളതു കാണുവാനും കിടങ്ങുകളില്‍ നിന്നും ഉപരിതലത്തിലെ ചലനങ്ങള്‍ നിരീക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു.

ആവശ്യമായ സാധനങ്ങള്‍
1. ചതുരത്തില്‍ മുറിച്ച ചെറിയ രണ്ട് മുഖക്കണ്ണാടിക്കഷണങ്ങള്‍. (ഗ്ലാസ്സ് വില്‍ക്കുന്ന കടയില്‍ പറയൂ, വൃത്തിയായി മുറിച്ചു തരും.)
2. കുറച്ച് കാര്‍ഡ് ബോര്‍ഡ്
3. പശ അല്ലെങ്കില്‍ സെല്ലോറ്റേപ്പ്


മുകളിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ കാര്‍ഡ് ബോര്‍ഡ് കൊണ്ട് ചതുരത്തിലുള്ള ഒരു കുഴല്‍ നിര്‍മ്മിക്കുക. തുറന്നു കിടക്കുന്ന രണ്ട് മൂലകളിലും ചിത്രത്തിലേതു പോലെ കണ്ണാടിക്കഷണങ്ങള്‍ പശ അല്ലെങ്കില്‍ സെല്ലോറ്റേപ്പ് ഉപയോഗിച്ച് തിളങ്ങുന്ന വശം നീല ആരോ മാര്‍ക്കില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പ്രകാരം 45 ഡിഗ്രി ചരിച്ച് വച്ച് ഒട്ടിക്കുക. നാം ഇപ്പോള്‍ ലളിതമായ ഒരു പെരിസ്കോപ്പ് നിര്‍മ്മിച്ചു കഴിഞ്ഞു.
ഭിത്തിക്കപ്പുറമുള്ള കാഴ്ചകള്‍ പെരിസ്കോപിന്റെ താഴെയുള്ള കണ്ണാടിയിലൂടെ കാണാന്‍ ശ്രമിക്കൂ. മുകളിലെ കണ്ണാടിയില്‍ ഉണ്ടാകുന്ന പ്രതിബിംബം മറ്റൊരു തവണ കൂടി താഴെയുള്ള കണ്ണാടിയില്‍ പ്രതിബിംബിച്ച് മുകളിലൂടെ നോക്കുന്ന അതേ രീതിയില്‍ താഴെയുള്ള കണ്ണാടിയില്‍ കാണപ്പെടുന്നു. കണ്ണാടിയുടെ 45 ഡിഗ്രിക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. അല്ലെങ്കില്‍ വെറും കാര്‍ഡ് ബോര്‍‌ഡായിരിക്കും കണ്ണാടിയില്‍ കാണുക!

© ScienceUncle. All rights resereved.

Wednesday, October 14, 2009

പെന്‍ഡുലത്തിന്റെ കഥ - ഘടികാരത്തിന്റേയും.

സ്വതന്ത്രമായി ആടാന്‍ കഴിയുമാറ് ഒരു ചരടില്‍ തൂക്കിയിട്ടിരിക്കുന്ന ഭാരത്തെയാണ് പെന്‍ഡുലം എന്നു പറയുന്നത്.

വര്‍ഷം 1580 കളില്‍ എന്നോ ഗലീലിയോ പിസാ കത്തീഡ്രലില്‍ പ്രാര്‍ത്ഥനക്ക് പോയി. മച്ചില്‍ തൂങ്ങിയാടുന്ന വിളക്കിലായിരുന്നു ഗലീലിയോയുടെ ശ്രദ്ധ. ഏത് കോണളവില്‍ വിളക്ക് ആട്ടം തുടങ്ങിയാലും ഒരു തലക്കല്‍ നിന്ന് മറുതലക്കലേക്ക് ആടി തുടങ്ങിയേടത്ത് തിരികെ വരാന്‍ ഒരേ സമയമാണെടുക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരായിരം വിളക്കു തെളിഞ്ഞു കാണണം ഗലീലിയോയുടെ മനസ്സിലപ്പോള്‍! കൃത്യമായി സമയം അറിയിക്കാനുള്ള ഒരു സംവിധാനത്തിന്റെ മൂലഘടകമാക്കാനാവും ഈ പ്രതിഭാസം.

ഗലീലിയോ പെന്‍ഡുലം ക്ലോക്ക് ഉണ്ടാക്കാന്‍ സ്വജീവിതത്തില്‍ വളരെ അധ്വാനിച്ചെങ്കീലും 1642 ലെ തന്റെ മരണത്തിനു മുമ്പ് പൂര്‍ത്തികരിക്കാനായില്ല. 1656 ല്‍ ക്രിസ്റ്റ്യന്‍ ഹൈജന്‍സ് എന്ന ഡച്ച് ഗണിത ശാസ്ത്രജ്ഞന്‍ ഗലീലിയോയുടെ ഈ കണ്ടെത്തല്‍ ആധാരമാക്കി ലോകത്തിലെ ആദ്യത്തെ കൃത്യമായ പെന്‍ഡുലം ക്ലോക്ക് നിര്‍മ്മിച്ചു. നാം ഇന്ന് അത്ര പ്രാധാന്യം കല്‍പ്പിക്കുന്നില്ലെങ്കിലും പലരുടെ വര്‍ഷങ്ങള്‍ നീണ്ട തുടരധ്വാനങ്ങളുടെ ഫലമായിരുന്നു ആദ്യ പെന്‍ഡുലം ക്ലോക്ക്. ഗണിതശാസ്ത്രജ്ഞന്റെ കൃത്യത ക്ലോക്കിന്റെ നിര്‍മ്മാണത്തിലും പുലര്‍ത്തിയതിനാല്‍ ഹൈജന്‍സിന്റെ ആദ്യകാല ക്ലോക്കുകള്‍ ദിവസത്തില്‍ ഒരു മിനിറ്റ് വ്യത്യാസമേ കാണിച്ചിരുന്നുള്ളൂ. പിന്നെയും തുടര്‍ന്ന കൃത്യതയ്ക്കുവേണ്ടിയുള്ള യത്നത്തില്‍ ഈ വ്യത്യാസം 10 സെക്കന്‍ഡില്‍ കുറയ്ക്കാനും കഴിഞ്ഞു.

നമുക്കൊരു പെന്‍ഡുലം നിര്‍മ്മിച്ചാലോ?
ഏകദേശം ഒരു മീറ്റര്‍ നീളമുള്ള നൂലില്‍ ഒരു ചെറിയ ഭാരം കെടിത്തൂക്കിയിടുക. എന്നിട്ട് അതിനെ പതുക്കെ ആടി വിടുക. 25 തവണ ആടാന്‍ എത്ര സമയം എടുത്തുവെന്ന് മന്‍സ്സിലാക്കുക. ആ സമയത്തെ 25 കൊണ്ട് ഹരിച്ചാല്‍ ഒരു തവണ ആട്ടം പൂര്‍ത്തിയാക്കാനുള്ള സമയം കിട്ടും.

മുകളില്‍ പറഞ്ഞ പരീക്ഷണം പല അളവിലുള്ള ഭാരങ്ങള്‍ കൊണ്ട് ചെയ്തു നോക്കുക.
തൂക്കിയിട്ടിരിക്കുന്ന ഭാരമോ എത്ര വലിച്ച് വെച്ച് ആട്ടം തുടങ്ങിയെന്നതോ ഒന്നും ആട്ടം പൂര്‍ത്തിയാക്കാനുള്ള സമയത്തെ ബാധിക്കുന്നില്ലായെന്ന് കാണാന്‍ കഴിയും. സമയത്തെ ബാധിക്കുന്നത് ഒന്നേ ഒന്നു മാത്രം - നൂലിന്റെ നീളം!

എന്ന സൂത്രവാക്യം ഉപയോഗിച്ച് L നീളമുള്ള പെന്‍ഡുലത്തിനു് ഒരു ആട്ടം പൂര്‍ത്തിയാക്കേണ്ട സമയം(T) കണ്ടു പിടിക്കാം.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍: T സമയത്തില്‍ ആടാനുള്ള പെന്‍ഡുലത്തിന് വേണ്ട നീളം (L) കണ്ടു പിടിക്കാന്‍ സൂത്രവാക്യം ഇങ്ങനെയുമാവാം.


g - ഭൂഗുരുത്വാകര്‍ഷണം മൂലമുള്ള ത്വരണം (ഏകദേശം 9.8 മീറ്റർ/സെക്കൻഡ്2)
പൈ - ഏകദേശം 3.14

ഈ പെന്‍ഡുലത്തിന്റെ ആട്ടത്തെ ഇങ്ങനെ കൂടുതല്‍ സമയം നില നിര്‍ത്തുന്നത് എങ്ങനെയെന്നും അതു കറക്കമാക്കി എങ്ങനെ മാറ്റാമെന്നും താഴെയുള്ള ചിത്രങ്ങളില്‍ നിന്ന്‍ മനസ്സിലാക്കാം.

സാധാരണ ഗതിയില്‍ ഭാരം ചുറ്റിയ പല്‍ചക്രം വേഗത്തില്‍ കറങ്ങിത്തീരും. ഇവിടെ പെന്‍ഡുലവും അതിനോട് ചേര്‍ന്നുള്ള എസ്കേപ്മെന്റ് എന്ന സംവിധാനവും ചേര്‍ന്ന് പല്‍ചക്രത്തിന്റെ കറക്കം ക്രമ ബദ്ധമാക്കി തീര്‍ക്കുന്നു.

ചുറ്റി വെച്ച കയര്‍ പെന്‍ഡുലത്തിന്റെ സമയ ക്രമത്തിനനുസ്സരിച്ച് കുറേശ്ശേ അഴിഞ്ഞഴിഞ്ഞ് വരുന്നു. പല്‍ചക്രം ഒരേ അനുപാതത്തില്‍ (പെന്‍ഡുലത്തിന്റെ ആട്ടത്തിനെടുക്കുന്ന സമയത്തിനനുസരിച്ച്) കൃത്യമായി തിരിയുന്നു. പല്‍ചക്രത്തിന്റെ മധ്യത്തില്‍ ഒരു സൂചിപിടിപ്പിച്ചാല്‍ മുകളിലെ സംവിധാനം ഒരു ക്ലോക്കാക്കി മാറ്റാമോ?
© ScienceUncle. All rights resereved.

Monday, July 28, 2008

രഹസ്യ സന്ദേശം!!

കൂട്ടുകാര്‍ക്ക് എപ്പോഴെങ്കിലും രഹസ്യ സന്ദേശം കൈമാറേണ്ടതായി വന്നിട്ടുണ്ടോ? രഹസ്യ സന്ദേശം തയ്യാറാക്കാനും അതു വായിക്കാനുമുള്ള വിദ്യ ഇതാ!

ആദ്യം വേണ്ടത് രഹസ്യമഷിയാണ്. അതുണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഒരു പാത്രത്തില്‍ കുറച്ചു നാരങ്ങാനീരെടുക്കുക. അതിലേയ്ക്ക് കുറച്ച് തുള്ളി വെള്ളം ചേര്‍ത്തു നേര്‍പ്പിക്കുക. നമ്മുടെ രഹസ്യമഷി തയ്യാറായിക്കഴിഞ്ഞു. ഇനി ഒരു പഴയ മഷിപ്പേന നന്നായി കഴുകി വൃത്തിയാക്കി രഹസ്യമഷി നിറച്ച് വെളുത്ത പേപ്പറില്‍ എഴുതിത്തുടങ്ങിക്കോളൂ. അധികം പടര്‍ത്താതെ ചെറിയ ബ്രഷു മുക്കിയും എഴുതാം. മഷി നന്നായി പേപ്പറില്‍ ഉണങ്ങിക്കഴിയുമ്പോള്‍ എഴുതിയ സന്ദേശം അദൃശ്യമാകും. ഇനി രഹസ്യ സന്ദേശം കൈമാറാം.

രഹസ്യസന്ദേശം വായിക്കുന്നതെങ്ങനെ?
സന്ദേശമടങ്ങിയ പേപ്പര്‍ കത്തുന്ന ഒരു 100 വാട്ടു ബള്‍ബിനോ തീ കുറച്ചു കത്തുന്ന ഗ്യാസ് സ്റ്റോവിനോ അടുത്തു കാണിച്ച് ചെറുതായി ചൂടാക്കി നോക്കൂ (തീയില്‍ കളിക്കുന്നത് സൂക്ഷിച്ചു വേണം!). തവിട്ടു നിറത്തില്‍ സന്ദേശം വായിക്കാന്‍ പാകത്തില്‍ തെളിഞ്ഞു വരുന്നതു കാണാം!

എങ്ങനെയാണിതു സംഭവിക്കുന്നത്?
നാരങ്ങാനീര് അമ്ലസ്വഭാവമുള്ളതാണ്. പേപ്പര്‍ ചൂടാക്കുമ്പോള്‍ അമ്ലമടങ്ങിയ ഭാഗം മറ്റുള്ള ഭാഗത്തേക്കാള്‍ വേഗത്തില്‍ ഓക്സീകരണം നടന്ന് തവിട്ടു നിറം പ്രാപിക്കുന്നതാണ് ഈ വിദ്യക്കു പിന്നിലെ രസതന്ത്രം!
© ScienceUncle. All rights resereved.

Friday, May 16, 2008

ചെമ്പരത്തിയിലെ വര്‍ണ്ണക്കാഴ്ച!

വിവിധ നിറങ്ങളില്‍ ചെമ്പരത്തിപ്പൂക്കള്‍ ലഭ്യമാണ്. ഇവയെല്ലാം ഒരു ചെമ്പരത്തിച്ചെടിയില്‍ തന്നെ വിരിഞ്ഞെങ്കിലോ എന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടിണ്ടോ? ഗ്രാഫ്റ്റിംഗിലൂടെ (ഒട്ടിക്കല്‍) ഇതു സാധ്യമാക്കാം.
ആവശ്യമായ സാധനങ്ങള്‍
1. ബ്ലേഡ്
2. തയ്യല്‍ നൂല്‍
3. വിവിധ നിറങ്ങളിലെ ചെമ്പരത്തിയുടെ തലപ്പുകള്‍
4. നാടന്‍ ചെമ്പരത്തിത്തണ്ട്

ഒരു നാടന്‍ ചെമ്പരത്തിത്തണ്ട് ഒരു ചെടിച്ചട്ടിയില്‍ നട്ടുപിടിപ്പിച്ച് വളര്‍ത്തിയെടുക്കുക. ഇതിലേക്കാണു വിവിധ വര്‍ണങ്ങളിലുള്ള നമ്മുടെ മറ്റെല്ല്ലാ ചെമ്പരത്തികളും ഒട്ടിച്ചെടുക്കേണ്ടത്. ഇതിനെ ഗ്രാഫ്റ്റിംഗ് ഭാഷയില്‍ ‘സ്റ്റോക്ക് ‘ എന്നാണു വിളിക്കുന്നതു്.

ചെടി നല്ലവണ്ണം തഴച്ചു വളര്‍ന്നുകഴിഞ്ഞാല്‍ ഒട്ടിക്കാന്‍ തയ്യാറായി.

വിവിധ നിറങ്ങളിലെ ചെമ്പരത്തികളുടെ കുറെ തലപ്പുകള്‍ ശേഖരിക്കുക. ചെടിച്ചട്ടിയിലെ നാടന്‍ ചെമ്പരത്തിയുടെ ഇലകളെല്ലാം അടര്‍ത്തിക്കളയുക. ഇതിലേയ്ക്ക് ഒട്ടിക്കാന്‍ പോകുന്ന നാമ്പുകളുടെ വളര്‍ച്ചയ്ക് ശക്തി പകരുവാനാണ് ഇങ്ങനെ ചെയ്യുന്നതു്. നാടന്‍ ചെമ്പരത്തിയുടെ ഒരു ശിഖരത്തിലെ അഗ്രഭാഗം മൂര്‍ച്ചയുള്ള ഒരു ബ്ലേഡ് കൊണ്ട് ചിത്രത്തില്‍ കാണുന്നതു പോലെ നെടുകെ കീറുക. ഒട്ടിക്കേണ്ട ചെമ്പരത്തിയുടെ അഗ്രം ആപ്പു പോലെ ചെത്തിയെടുക്കുക. ഈ ചെത്തിയെടുത്ത ഭാഗത്തെ, ‘സയന്‍‘ എന്നു വിളിക്കുന്നു.


നാടന്‍ ചെമ്പരത്തിയുടെ (സ്റ്റോക്ക്) കീറി വെച്ചിരിക്കുന്ന വിടവിലേക്ക് ഈ ആപ്പ് (സയന്‍) ഇറക്കിവെച്ച് തയ്യല്‍ നൂലു കൊണ്ട് നന്നായി മുറുക്കി കെട്ടുക. മുറിഞ്ഞഭാഗങ്ങള്‍ വായു കടക്കാതെ നന്നായി ചേര്‍ന്ന് ഒട്ടിയിരിക്കുന്ന രീതിയിലാകണം കെട്ടേണ്ടത്. ഈ പ്രക്രിയ മറ്റു നിറങ്ങളിലെ ചെമ്പരത്തി സയന്‍ കൊണ്ടും ആവര്‍ത്തിക്കുക.

ഉദ്ദേശിച്ച എല്ലാ നിറങ്ങളും ഒട്ടിച്ചു തീര്‍ന്നതിനുശേഷം ചെടിച്ചട്ടി അധികം വെയിലും മറ്റും ഏല്‍ക്കാത്തവിധം മുറിക്കുള്ളില്‍ ഒരിടത്ത് വെയ്കുക. ദിവസവും ചട്ടി നല്ലവണ്ണം നനയ്ക്കുക. നനയ്കുമ്പോള്‍ ഒട്ടിച്ചിരിക്കുന്ന ഭാഗത്ത് വെള്ളം വീണ് നനയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഒരാഴ്ചക്കകം പിടിക്കുന്ന തലപ്പുകള്‍ നമുക്ക് മനസ്സിലായിത്തുടങ്ങും. ബാക്കിയുള്ളവ നശിച്ച് പോകും. തലപ്പുകള്‍ നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ ചെടിച്ചട്ടി വെളിയിലേക്കു് മാറ്റാം.

ഗ്രാഫ്റ്റിംഗ് സാധാരണഗതിയില്‍ വളരെ ശ്രദ്ധ ആവശ്യമായ ഒരു കലയാണെങ്കിലും ഇവിടെ പ്രതിപാദിച്ച വെഡ്ജ് ഗ്രാഫ്റ്റിംഗ് രീതി, അധികമൊന്നും പരിശീലനമില്ലെങ്കിലും ചെമ്പരത്തിയില്‍ നന്നായി വിജയിക്കാറുണ്ടു്.
© ScienceUncle. All rights resereved.

Wednesday, April 30, 2008

ഹൈഡ്രജനും ഓക്സിജനും വീട്ടില്‍ ഉണ്ടാക്കാമോ?

രണ്ടു ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നാണ് ജലമുണ്ടായിരിക്കുന്നത് എന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? ഏതെങ്കിലും ഒരു രീതിയില്‍ ജലം വിഘടിപ്പിച്ച് എടുത്താല്‍ ഈ രണ്ടു വാതകങ്ങളും നമുക്ക് നിര്‍മ്മിക്കാന്‍ സാധിക്കുമല്ലോ.

വൈദ്യുത വിശ്ലേഷണ പ്രക്രിയയിലൂടെ ജലത്തെ വിഘടിപ്പിക്കുന്ന വിദ്യ മനസ്സിലാക്കിക്കൊള്ളൂ.

ആവശ്യമായ സാധനങ്ങള്‍
1. ഒരു ചിരട്ട
2. പഴയ ഡ്രൈസെല്ലില്‍ നിന്നും വേര്‍പെടുത്തിയെടുത്ത വൃത്തിയാക്കിയ ഒരു കാര്‍ബണ്‍ ദണ്ഡ്.
3. കുറച്ച് അലക്കു കാരം
4. മൂന്ന് ഡ്രൈസെല്‍ ബാറ്ററി
5. ബന്ധിപ്പിക്കാനുള്ള വയറുകള്‍
6. പശ
7. വാതകം സംഭരിക്കാനുള്ള രണ്ടു ടെസ്റ്റ് ട്യൂബ്
8. വെള്ളം

ചിരട്ടക്കടിയില്‍ രണ്ട് ദ്വാരങ്ങള്‍ ഇടുക. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ കാര്‍ബണ്‍ ദണ്ഡ് രണ്ടായിമുറിച്ച് ഓരോ ദണ്ഡും കുറച്ച് വെളിയിലേക്ക് തള്ളിയിരിക്കുന്ന രീതിയില്‍ ഓരോ ദ്വാരത്തിലും കയറ്റി വെച്ച് പശയുപയോഗിച്ച് സീല്‍ ചെയ്യുക. രണ്ട് വയറുകള്‍ അഗ്രത്തുള്ള ഇന്‍സുലേഷന്‍ നീക്കി ഓരോ ദണ്ഡിന്റേയും തള്ളിയിരിക്കുന്ന ഭാഗത്ത് നന്നായി ചുറ്റി ഉറപ്പിക്കുക. ചിരട്ടയിലേക്ക് വെള്ളം ഒഴിക്കുക. വെള്ളം ഒരു നല്ല വൈദ്യുത ചാലകമല്ലാത്തതിനാല്‍ ചിരട്ടയിലെ വെള്ളത്തിലേക്ക് കുറച്ച് അലക്കുകാരം ഇട്ട് ഇളക്കുക.

വാതകം സംഭരിക്കുവാനായി നമ്മള്‍ കരുതിയ രണ്ട് ടെസ്റ്റ് ട്യൂബുകളിലും നിറയേ വെള്ളം നിറച്ച് തള്ളവിരല്‍ കൊണ്ടമര്‍ത്തി തലകീഴായി ചിരട്ടക്കുള്ളിലെ വെള്ളത്തില്‍ കാര്‍ബ്ബണ്‍ ദണ്ഡുകള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കുക. ടെസ്റ്റ് ട്യൂബ് കിട്ടാത്തവര്‍ രണ്ട് ചെറിയ വെളുത്ത കുപ്പികള്‍ സംഘടിപ്പിച്ചാലും മതി.

വൈദ്യുതവിശ്ലേഷണത്തിനുള്ള സംവിധാനം തയ്യാറായിക്കഴിഞ്ഞു. ഇനി കാര്‍ബ്ബണ്‍ ദണ്ഡില്‍ ബന്ധിപ്പിച്ചിരിക്കുന്ന വയറുകളുടെ മറ്റു രണ്ടഗ്രങ്ങള്‍ ബാറ്ററിയുമായി ഘടിപ്പിക്കുക. ഇപ്പോള്‍ വൈദ്യുത വിശ്ലേഷണം ആരംഭിക്കുകയായി! ജലം വിഘടിച്ച് ഗുമിളകളായി ഓരോ ടെസ്റ്റ് ട്യൂബുകളിലും നിറയാന്‍ തുടങ്ങുന്നു. വാതകം നിറയുന്ന മുറക്ക് ടെസ്റ്റ് ട്യൂബില്‍ നിന്നും ജലം ഇറങ്ങിത്തുടങ്ങുന്നു.

വൈദ്യുതവിശ്ലേഷണപ്രക്രിയയില്‍ വൈദ്യുതി മൂലം വെള്ളത്തിന്റെ ഹൈഡ്രജന്‍-ഓക്സിജന്‍ രാസബന്ധത്തെ തകര്‍ത്ത് അവ തമ്മില്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. മുമ്പു സൂചിപ്പിച്ചതു പോലെ, വെള്ളത്തിന്റെ ഒരു തന്മാത്ര രണ്ടു് ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്സിജന്‍ ആറ്റവും ചേര്‍ന്നാണു് ഉണ്ടായിരിക്കുന്നതു്. അതിനാല്‍ ടെസ്റ്റ് ട്യൂബില്‍ നിറയുന്ന ഹൈഡ്രജന്റെ അളവ് ഓക്സിജനെ അപേക്ഷിച്ച് ഇരട്ടിയായിരിക്കും. നെഗറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (കാഥോഡ്) നിന്നും ഹൈഡ്രജനും പോസിറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (ആനോഡ്) നിന്നും ഓക്സിജനുമാണ് ഉണ്ടാകുന്നതു്.
© ScienceUncle. All rights resereved.

Tuesday, April 8, 2008

നമുക്കിന്നൊരു വടക്കുനോക്കിയന്ത്രം (compass) ഉണ്ടാക്കാം.

കൂട്ടുകാര്‍ വടക്കുനോക്കിയന്ത്രമെന്നു് കേട്ടിട്ടുണ്ടോ? ദിക്കു നിര്‍ണ്ണയിക്കാന്‍ കപ്പലുകളിലും മറ്റും ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണത്. ഒരു കാന്തം അതിനെ സ്വതന്ത്രമായി ചലിക്കത്തക്ക നിലയില്‍ ഒരു നേര്‍ത്ത നൂലില്‍ കെട്ടിത്തൂക്കിയാല്‍ എല്ലായ്പ്പോഴും അതു് ഒരു പ്രത്യേക ദിശയില്‍ തന്നെ നിലകൊള്ളുന്നതു് കാണാം. നാം എങ്ങനെ കറക്കി വിട്ടാലും കാന്തം ആ പ്രത്യേക ദിശയില്‍ (തെക്ക്-വടക്ക്) തന്നെ തിരിച്ചുവരും. കാന്തത്തിന്റെ ഈ പ്രത്യേകതയെ ‘ദിശാസൂചക സ്വഭാവം‘ എന്നു പറയപ്പെടുന്നു. ഇതാണു് വടക്കുനോക്കിയന്ത്രത്തില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നതു്. വടക്കോട്ടു് തിരിഞ്ഞു നില്‍ക്കുന്ന കാന്തത്തിന്റെ വശത്തെ ഉത്തരധ്രുവമെന്നും (north pole) തെക്കോട്ടു് തിരിഞ്ഞു നില്‍ക്കുന്ന വശത്തെ ദക്ഷിണധ്രുവമെന്നും (south pole) വിളിക്കുന്നു.
ഭൂമി ഒരു വലിയ കാന്തമാണെന്നു് കൂട്ടുകര്‍ക്കറിയാമല്ലോ. അതിനുമുണ്ട് ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍. ഭൂമിയുടെ ആകര്‍ഷണ ശക്തികൊണ്ടാണു് നാം തൂക്കിയിട്ട കാന്തവും തെക്കു-വടക്കു നിലകൊണ്ടത്.

ഒരു കാന്തസൂചി സ്വതന്ത്രമായി തിരിയത്തക്കവിധത്തില്‍ ഒരിടത്തു് ഉറപ്പിച്ചാല്‍ വടക്കുനോക്കിയന്ത്രമായി. നമുക്കു് ഒരു വടക്കുനോക്കിയന്ത്രം (compass) നിര്‍മ്മിക്കുന്നതെങ്ങനെയെന്നു നോക്കാം.

ഇതിനു് ആദ്യം വേണ്ടത് ഒരു കാന്തസൂചിയാണു്. ഒരു പഴയ ബ്ലേഡ് നീളത്തില്‍ രണ്ടായി ഒടിക്കുക. ഇനി ഇതു കാന്തികവത്ക്കരിക്കണം. ഇതിനായി, സാമാന്യം ശക്തിയുള്ള ഒരു കാന്തമെടുത്തു് രണ്ടായി ഒടിച്ചെടുത്ത ഒരു ബ്ലേഡുകഷണത്തിനു് മുകളിലൂടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ ഒരേ ദിശയില്‍ അമ്പതോളം തവണ ഉരക്കുക.

ഈ രീതിയില്‍ ബ്ലേഡുകഷണം പ്രേരിത കാന്തവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് പോലെ ആ ബ്ലേഡ് കഷണം, ഒരു കത്രിക കൊണ്ടു് ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുക്കുക.
കാന്തസൂചി തയ്യാറായി.

ഇനി വേണ്ടതു്, കാന്തസൂചിക്കു് സ്വതന്ത്രമായികറങ്ങുവാനുള്ള ഒരു സംവിധാനമാണു്. ഇതിനു് എഴുതിത്തീര്‍ന്ന ഒരു റീഫില്ലിന്റെ നിബ്ബ് ഊരി അതിന്റെ അകത്തു് അടിഞ്ഞിരിക്കുന്ന മഷിയും മറ്റും ഒരു നേര്‍ത്ത തയ്യല്‍‌സൂചികൊണ്ടോ മറ്റോ വൃത്തിയാക്കിയെടുക്കുക. ഒരു കാരണവശാലും നിബ്ബിനുള്ളിലെ ബോള്‍ കുത്തി വെളിയില്‍ ചാടിക്കരുതു്. ഇനി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കാന്തസൂചിയുടെ ഒത്ത നടുക്ക് നിബ്ബിനു കടക്കാന്‍ മാത്രം പാകത്തില്‍ ഒരു ദ്വാരം ഉണ്ടാക്കി, നിബ്ബ് കാന്തസൂചിയില്‍ തിരുകി വയ്ക്കുക.
അവസാനമായി, നേര്‍ത്ത ഒരു തയ്യല്‍ സൂചി, അതിന്റെ മുനയുള്ള അഗ്രം മുകളിലേക്കു് നില്‍‌ക്കത്തക്കരീതിയില്‍ ഒരു തടിക്കഷണത്തില്‍ ഉറപ്പിക്കുക. ഇനി തയ്യല്‍ സൂചിക്കുമുകളിലേക്കു് നിബ്ബു ഘടിപ്പിച്ച കാന്തസൂചി ഇറക്കി വെക്കുക.
ഇപ്പോള്‍ കാന്തസൂചിയില്‍ ചെറുതായൊന്നു തട്ടിയാലും അതു നന്നായി തിരിയും. കാന്തസൂചി തിരിഞ്ഞ് അവസാനം തെക്കു വടക്കു ദിശയില്‍ വന്നു് നില്‍ക്കുന്നു. കാന്തസൂചിയുടെ വടക്കോട്ടു് തിരിഞ്ഞുനില്‍ക്കുന്ന വശം ചായം തേച്ചു് അടയാളപ്പെടുത്തിവെക്കുക. ഏതു സ്ഥലത്തു് ഈ സംവിധാനം കൊണ്ടുപോയാലും ചായംതേച്ച വശം വടക്കോട്ടു് തന്നെ നില്‍ക്കും. വടക്ക് അറിഞ്ഞാല്‍ മറ്റുദിശകള്‍ കണ്ടുപിടിക്കാന്‍ വിഷമമില്ലല്ലോ!

എന്താ, ഇന്നു തന്നെ ഒരു വടക്കുനോക്കിയന്ത്രം ഉണ്ടാക്കുകയല്ലേ?
© ScienceUncle. All rights resereved.

Friday, March 28, 2008

മഴയത്ത് ഓടിക്കാന്‍ ഒരു 'യന്ത്രബോട്ട്' ഉണ്ടാക്കാം...

നാട്ടില്‍ മഴക്കാലത്ത് വഴിയിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി ഓടിക്കുന്നത് കുട്ടികളുടെ ഇഷ്ടവിനോദമാണല്ലോ! ഇന്ന് വെള്ളത്തില്‍ ഓടിക്കാവുന്ന ഒരു രസികന്‍ യന്ത്രബോട്ടുണ്ടാക്കുന്ന വിദ്യ പഠിച്ചു കൊള്ളൂ.

ആവശ്യമായ സാധനങ്ങള്‍
ഒന്നര അടി നീളമുള്ള ഒരു വാഴയിലയുടെ തണ്ട്
ഒരു റബ്ബര്‍ ബാന്‍ഡ്
രണ്ട് ഇഞ്ച് നീളമുള്ള ഒരു ചെറിയ കമ്പ്.
കനം കുറഞ്ഞ ബലമുള്ള ഒരു ചെറിയ മരപ്പാളി.

ചിത്രത്തില്‍ കാണുന്നതു പോലെ വാഴയിലയുടെ തണ്ട് നടുക്കുവെച്ച് ‘V' ആകൃതിയില്‍ മടക്കുക. അതിന്റെ മദ്ധ്യത്തിലായി ചെറിയ കമ്പ് ചിത്രത്തില്‍ കാണുന്നതു പോലെ ഉറപ്പിച്ച് (ഇപ്പോള്‍ 'A' പോലെയായി) വാഴത്തണ്ടിന്റെ രണ്ടഗ്രങ്ങളിലും കൂടി റബ്ബര്‍ ബാന്‍ഡ് ഇട്ട് ഉറപ്പിക്കുക. ഇനി കനം കുറഞ്ഞ മരപ്പാളി റബ്ബര്‍ ബാന്‍‌ഡിന്റെ ഇടയിലേക്ക് കടത്തി, പിരിക്കുക.

ഇത്രയും തയ്യാറായാല്‍ ഈ ബോട്ട് വെള്ളത്തിലിറക്കാം. റബ്ബര്‍ ബാന്‍‌ഡിന്റെ പിരി അയയാതെ സാ‍വധാനം ബോട്ടിനെ വെള്ളത്തില്‍ വെച്ച് കൈ എടുക്കുക. റബ്ബര്‍ ബാന്‍‌ഡ് പിരി കുറേശ്ശെ അഴിഞ്ഞു വരുന്നതോടൊപ്പം ബോട്ട് മുന്നോട്ട് കുതിക്കുകയും ചെയ്യുന്നു. റബ്ബര്‍ ബാന്‍‌ഡ് പിരിച്ചു വെച്ച ദിശയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടെന്നു പറയേണ്ടതില്ലല്ലോ!

ഈ ‘ യന്ത്രബോട്ട് ‘ ഇഷ്ടമായോ?
© ScienceUncle. All rights resereved.

Friday, December 21, 2007

സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ?

ഒരു തയ്യല്‍ സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? സംശയിക്കേണ്ടാ - പൊങ്ങിക്കിടക്കും.

സാധാരണ ഗതിയില്‍ സൂചി വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുക തന്നെ ചെയ്യും. പക്ഷേ വളരെ സാവധാനം സൂക്ഷിച്ച് ഒരു പുതിയ സൂചി വെള്ളത്തിനു മുകളില്‍ വെച്ചു നോക്കൂ. അത്ഭുതം! സൂചി വെള്ളത്തിനു മുകളില്‍ തന്നെയിരിക്കുന്നു. മെഴുകോ എണ്ണയോ മറ്റോ അല്പം പുരട്ടിയ സൂചിയാണെങ്കില്‍ ഇത് എളുപ്പമായിരിക്കും. ഇനി ഇങ്ങനെ സാവധാനം വെച്ചിട്ടും താഴ്ന്നു പോകുന്നുണ്ടെങ്കില്‍ മറ്റൊരു സൂത്രവിദ്യയിലൂടെ സൂചി വെള്ളത്തില്‍ പൊക്കി നിര്‍ത്താം. വെള്ളത്തിനു മുകളില്‍ കുറച്ചു ഒപ്പുകടലാസ് അല്ലെങ്കില്‍ ടിഷ്യൂ പേപ്പര്‍ വെക്കുക. അതിനു മുകളില്‍ ഇനി സൂചി നന്നായി തുടച്ചിട്ട് വെക്കുക. ടിഷ്യൂ പേപ്പര്‍ നനയുമ്പോള്‍ ഒരു പെന്‍സില്‍ കൊണ്ട് കുത്തി വെള്ളത്തിലേക്ക് പതുക്കെ താഴ്ത്തുക. സൂചി മാത്രം വെള്ളത്തില്‍ പൊങ്ങിക്കിടക്കും.

തീര്‍ച്ചയായും ഇരുമ്പു കൊണ്ടുണ്ടാക്കിയ തയ്യല്‍ സൂചിക്ക് ജലത്തെ അപേക്ഷിച്ച് പല മടങ്ങ് സാന്ദ്രത കൂടുതലാണ്. പക്ഷേ എങ്ങനെയാണ് സൂചി പൊങ്ങിക്കിടക്കുന്നത്? പ്രതലബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍ കൊണ്ട് ജലതന്മാത്രകള്‍ ഒരുക്കുന്ന മെത്തയില്‍ വിശ്രമിക്കുകയാണ് നമ്മുടെ തയ്യല്‍ സൂചി.

ദ്രാവക തന്മാത്രകള്‍ പലരീതിയിലുള്ള ബലങ്ങള്‍കൊണ്ട് പരസ്പരം ആകര്‍ഷിക്കപ്പെടുന്നു. ദ്രാവകത്തിന്റെ അന്തര്‍ഭാഗത്ത് ഓരോ തന്മാത്രയുടേയും നാലുവശത്തു നിന്നും മുകളില്‍ നിന്നും താഴെ നിന്നും മറ്റു തന്മാത്രകള്‍ ആകര്‍ഷിച്ച് വലിക്കുന്നതിനാല്‍ തന്മാത്രകള്‍ ഏകദേശം സന്തുലിതമായിരിക്കും. എന്നാല്‍ ദ്രാവകത്തിന്റെ മുകള്‍ഭാഗത്തെ സ്ഥിതി ഇതല്ല. അവിടെ മുകളിലേക്ക് വലിക്കാന്‍ മറ്റു തന്മാത്രകള്‍ ഇല്ലല്ലോ! താഴേക്കുള്ള വലിയെ പ്രതിരോധിക്കാന്‍ അതിനും മുകളില്‍ തന്മാത്രകള്‍ ഇല്ലാത്തതിനാല്‍ ദ്രാവകത്തിന്റെ മുകള്‍ ഭാഗം താഴെയുള്ള തന്മാത്രകള്‍ പിടിച്ച് വലിച്ച് ഒരു ഇലാസ്റ്റിക് പാളി പോലെ ആക്കുന്നു. ഇതാണ് പ്രതല ബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍!

ദ്രാവക തന്മാത്രകളുടെ ഈ പരസ്പര ആകര്‍ഷണ ബന്ധം ഇല്ലായിരുന്നുവെങ്കില്‍..... തന്മാത്രകള്‍ ദ്രുതഗതിയില്‍ ചലിച്ച് ചൂടുപിടിക്കുകയും വറ്റിപ്പോകുകയും മറ്റും ചെയ്തേനെ! ദൈവാനുഗ്രഹം.....

© ScienceUncle. All rights resereved.

Saturday, November 17, 2007

വരൂ... ഇനി മഴയളക്കാം....

തിരുവനന്തപുരത്ത് അഞ്ച് സെന്‍റീമീറ്ററും കൊച്ചിയില്‍ നാല് സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? മഴയെങ്ങനെയാണ് സെന്റീമീറ്ററില്‍ അളക്കാന്‍ കഴിയുക? മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ
അളവാണ് നാം സെന്റീമീറ്ററില്‍ കേള്‍ക്കുന്നത്.

നമുക്കും ഒരു മഴമാപിനി നിര്‍മ്മിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
1. താഴെ മുതല്‍ മുകള്‍ ഭാഗം വരെ ഒരേ വലുപ്പമുള്ള ഒരു സിലിണ്‍‌ഡര്‍ ആകൃതിയിലുള്ള കണ്ണാടിക്കുപ്പി
2. ഒരു ചോര്‍പ്പ് (ഫണല്‍)
3. ഇന്‍സ്ട്രമെന്റ് ബോക്സിലെ ഒരു സ്കെയില്‍ (റൂളര്‍)

ചോര്‍പ്പിന്റെ മുകള്‍ഭാഗത്തെ വ്യാസവും (diameter) കണ്ണാടിക്കുപ്പിയുടെ ഉള്ളിലെ വ്യാസവും തുല്യമായിരിക്കാന്‍ ശ്രദ്ധിക്കുക. (ചോര്‍പ്പിന്റെ വായ് ഭാഗത്തിന് വലുപ്പം കൂടുതല്‍ ഉണ്ടെങ്കില്‍ കുറച്ച് വെട്ടിക്കളയുക.)

ചോര്‍പ്പ്, കണ്ണാടിക്കുപ്പിയുടെ വായിലേക്ക് തിരുകി വെക്കുക. ഇനി മഴവെള്ളം അളക്കുവാനുള്ള സ്കെയില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ, കുപ്പിയോട് ചേര്‍ത്ത് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ നമ്മുടെ മഴമാപിനി തയ്യാറായിക്കഴിഞ്ഞു

ഇനി ഈ മഴ മാപിനി, കെട്ടിടങ്ങളില്‍ നിന്നും മരങ്ങളില്‍ നിന്നും മറ്റും മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്ഥാപിക്കുക. കാറ്റില്‍ മറിയാതിരിക്കാന്‍ വല്ല കല്ലോ മറ്റോ ചുറ്റും വെക്കുകയുമാവാം.

ഓരോ ദിവസവും നിശ്ചിത സമയം, സ്കെയിലില്‍ നോക്കി മഴയുടെ അളവ് സെന്റീമീറ്ററില്‍ അളന്നു നോക്കാം. ചാര്‍ട്ടാക്കിയാല്‍ താരതമ്യം ചെയ്യലുമാകാം.

© ScienceUncle. All rights resereved.

Monday, October 29, 2007

ഇതാ ഒരു ബലൂണ്‍ വണ്ടി!!‍

വാഹനങ്ങള്‍ക്ക് സാധാരണ പെട്രോള്‍, ഡീസല്‍ മുതലായവ ഇന്ധനങ്ങള്‍ ആകാറുണ്ട്. എന്നാല്‍ നാം ഇന്നു ഇവിടെ ഒരു ബലൂണ്‍ എഞ്ചിന്‍ വണ്ടി നിര്‍മ്മിക്കുകയാണ്. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ആധാരമാക്കിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

ആവശ്യമായ സാധനങ്ങള്‍
1. തെര്‍മോക്കോള്‍ പീസു കൊണ്ടോ മറ്റോ നിര്‍മ്മിച്ച ഒരു ചെറിയ വണ്ടി. ചക്രങ്ങള്‍ക്ക് നല്ല വണ്ണം ചലിക്കാ‍ന്‍ സാധിക്കണം. (നല്ലവണ്ണം ഉരുളാന്‍ കഴിയുന്ന ഒരു പ്ലാസ്റ്റിക്ക് കളിവണ്ടി ആയാലും മതിയാകും.)
2. ഇടത്തരം വലുപ്പമുള്ള ഒരു ബലൂണ്‍.
3. പഴയ ഒരു പ്ലാസ്റ്റിക്ക് പേനയുടെ ട്യൂബ്.
4. നൂല്‍



ആദ്യമായി പ്ലാസ്റ്റിക്ക് പേനയുടെ ട്യൂബിന്റെ വണ്ണം കൂടിയ വശത്ത് നൂല്‍ ഉപയോഗിച്ച് ബലൂണ്‍ ഉറപ്പിക്കുക.

ഇനി ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ട്യൂബ് കളിവണ്ടിയുടെ മുകളില്‍ നൂലോ സെല്ലോറ്റേപ്പോ ഉപയോഗിച്ച് ഉറപ്പിക്കുക. ബന്ധിക്കുമ്പോള്‍ ട്യൂബ് മാത്രം കളിവണ്ടിയുമായി ബന്ധിക്കാന്‍ ശ്രധിക്കുക.

ഇനി ട്യൂബിലൂടെ ഊതി ബലൂണ്‍ സാവധാനം വീര്‍പ്പിക്കുക. ബലൂണ്‍ വീര്‍ത്തതിനു ശേഷം വണ്ടി നിലത്തു വെക്കുക. ബലൂണിലെ കാറ്റ് ട്യൂബിലൂടെ പുറത്തേക്ക് പോകുന്നതിനോടൊപ്പം, വണ്ടിയും സാവധാനം മുന്നോട്ട് കുതിക്കുന്നു.

വണ്ടിക്കു അധികം ഭാരം ഉണ്ടെങ്കില്‍ മുന്നോട്ട് സഞ്ചരിക്കാന്‍ പ്രയാസം ആകുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

© ScienceUncle. All rights resereved.

Monday, October 22, 2007

നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാം

താരതമ്യേന ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഈ വാതകം നിറച്ച ബലൂണിന്റെ പിടി വിട്ടാല്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പറന്നു പോകും. നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം. ആവശ്യമായ സാധനങ്ങള്‍
1. ഒരു ഇടത്തരം വലുപ്പമുള്ള ബലൂണ്‍
2. ഒരു പത്തു തുടം കുപ്പി
3. കുറച്ചു ചുണ്ണാമ്പ്
4. കുറച്ചു അലൂമിനിയം കടലാസ് (സിഗരറ്റിന്റെ കവറില്‍ നിന്നും ശേഖരിക്കാം)
5. കുറച്ചു അലക്കു കാരം

പത്തു തുടക്കുപ്പിയിലേക്ക് ചുണ്ണാമ്പ്, അലൂമിനിയം കടലാസ്, അലക്കു കാരം എന്നിവ ഇടുക. അതിലേക്ക് കുപ്പിയുടെ പകുതിയോളം ചെറു ചൂടുവെള്ളം ഒഴിക്കുക. അതിനു ശേഷം, ചിത്രത്തില്‍ കാണുന്നതു പോലെ, കുപ്പിയുടെ വായിലേക്ക് ബലൂണ്‍ കയറ്റിയിടുക.

കുറച്ചു സമയത്തിനു ശേഷം ബലൂണ്‍ അല്പാല്പമായി വീര്‍ത്തു വരുന്നതുകാണാം. ബലൂണ്‍ നന്നായി വീര്‍ത്തതിനു ശേഷം, ചെറിയ നൂല്‍ കൊണ്ട് നന്നായി കെട്ടി കുപ്പിയില്‍ നിന്നും മാറ്റുക. ഇനി ഈ ബലൂണ്‍ കൈപ്പത്തിയില്‍ വെച്ചു നോക്കൂ, അത് അന്തരീക്ഷത്തിലേക്ക് പറന്നുയരുന്നു.

© ScienceUncle. All rights resereved.

വൈദ്യുത കാന്തം നിങ്ങള്‍ക്കും നിര്‍മ്മിക്കാം.

വൈദ്യുതിയുടെ ശക്തി കൊണ്ടു പ്രവര്‍ത്തിക്കുന്ന കാന്തമാണ് വൈദ്യുതകാന്തം. ഫാന്‍, മോട്ടോര്‍ തുടങ്ങിയവയെല്ലാം ഈ വിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ആവശ്യമായ സാധനങ്ങള്‍
1. ഇടത്തരം വലുപ്പമുള്ള ഒരു ആണി
2. കുറച്ച് ഇന്‍സുലേറ്റ് ചെയ്ത ചെമ്പു കമ്പി
3. ബാറ്ററി


ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഇന്‍സുലേറ്റു ചെയ്ത ചെമ്പു കമ്പി ആണിക്കു മുകളില്‍ ആവര്‍ത്തിച്ചു ചുറ്റുക. ചുറ്റുമ്പോള്‍ ഒരേ ദിശയിലേക്കു മാത്രം ചുറ്റാന്‍ ശ്രധിക്കുക. ചുറ്റിത്തീര്‍ന്നു കഴിയുമ്പോള്‍ കമ്പിയുടെ രണ്ട് അഗ്രങ്ങളും മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ടു നല്ല വണ്ണം ചുരണ്ടിത്തെളിക്കുക. ഈ അഗ്രങ്ങള്‍ ഇപ്പോള്‍ ബാറ്ററിയുമായി ഘടിപ്പിക്കാം. നമ്മുടെ ആണിയുടെ സമീപത്തേക്ക് കുറച്ചു മൊട്ടുസൂചികള്‍ കാണിക്കുക. മൊട്ടുസൂചികള്‍ ആണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

ബാറ്ററിയുമായുള്ള കണക്ഷന്‍ വിച്ഛേദിച്ചാല്‍ ആണിയുടെ കാന്തശക്തിയും നഷ്ടപ്പെടുന്നു.

© ScienceUncle. All rights resereved.

വരൂ നീല ലിറ്റ്മസ് പേപ്പര്‍ ഉണ്ടാക്കം..

ദ്രാവകങ്ങളുടെ അമ്ലത പരിശോധിക്കാനുള്ള ഒരു പ്രത്യേകതരം പേപ്പറാണ് നീല ലിറ്റ്മസ് പേപ്പര്‍.
ആവശ്യമായ സാധനങ്ങള്‍
1. കുറച്ച് ചുവന്ന ചെമ്പരത്തി പൂക്കള്‍
2. വെളുത്ത പേപ്പര്‍
പേപ്പറില്‍ ചെമ്പരത്തിയുടെ ഇതളുകള്‍ നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു സമയം ഇതു ഉണങ്ങാന്‍ അനുവദിക്കുക. ഇപ്പോള്‍ ഇതു നല്ല നീലനിറത്തിലായി മാറിക്കഴിഞ്ഞു.

ഇനി ഈ പേപ്പറില്‍ അമ്ലതയുള്ള എന്തെങ്കിലും ദ്രാവകം (ഉദാ: നാരങ്ങാ നീര്, തൈര് ) പുരട്ടി നോക്കൂ. ലിറ്റ്മസ് പേപ്പര്‍ ചുവപ്പു നിറം ആയി മാറുന്നു. ഇനി പലതരം ദ്രാവകങ്ങള്‍ മാറി മാറി പരീക്ഷിച്ചു നോക്കൂ.

© ScienceUncle. All rights resereved.

Sunday, October 21, 2007

ന്യൂട്ടന്റെ വര്‍ണ്ണപമ്പരം



ഏഴ് അടിസ്ഥാന നിറങ്ങള്‍ ചേര്‍ന്നാണ് ധവള പ്രകാശം ഉണ്ടായിരിക്കുന്നത്. അതു തെളിയിക്കാനുള്ള ഒരു പരീക്ഷണമാണ് ന്യൂട്ടന്റെ വര്‍ണ്ണ പമ്പരം.

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഒരു ഡിസ്കില്‍ താഴെപറഞ്ഞിരിക്കുന്ന നിറങ്ങള്‍ അടിക്കുക.



വയലറ്റ്
ഇന്‍ഡിഗോ
നീല
പച്ച
മഞ്ഞ
ഓറഞ്ച്
ചുവപ്പ്

ഇനി ഈ ഡിസ്ക് ഒരു കമ്പിയില്‍ (ഇന്‍സ് ട്രമെന്റ് ബോക്സിലെ കോമ്പസസ് അല്ലെങ്കില്‍ ഡിവൈഡേഴ്സിന്റെ മുന ഉപയൊഗിക്കാം.) കോര്‍ത്ത്, വേഗത്തില്‍ കറക്കി വിടുക. നിറങ്ങളെല്ലാം കൂടി ചേര്‍ന്ന് ഏതാണ്ട് വെള്ള നിറമായി മാറിയിരിക്കുന്നു.

© ScienceUncle. All rights resereved.