Wednesday, April 30, 2008

ഹൈഡ്രജനും ഓക്സിജനും വീട്ടില്‍ ഉണ്ടാക്കാമോ?

രണ്ടു ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നാണ് ജലമുണ്ടായിരിക്കുന്നത് എന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? ഏതെങ്കിലും ഒരു രീതിയില്‍ ജലം വിഘടിപ്പിച്ച് എടുത്താല്‍ ഈ രണ്ടു വാതകങ്ങളും നമുക്ക് നിര്‍മ്മിക്കാന്‍ സാധിക്കുമല്ലോ.

വൈദ്യുത വിശ്ലേഷണ പ്രക്രിയയിലൂടെ ജലത്തെ വിഘടിപ്പിക്കുന്ന വിദ്യ മനസ്സിലാക്കിക്കൊള്ളൂ.

ആവശ്യമായ സാധനങ്ങള്‍
1. ഒരു ചിരട്ട
2. പഴയ ഡ്രൈസെല്ലില്‍ നിന്നും വേര്‍പെടുത്തിയെടുത്ത വൃത്തിയാക്കിയ ഒരു കാര്‍ബണ്‍ ദണ്ഡ്.
3. കുറച്ച് അലക്കു കാരം
4. മൂന്ന് ഡ്രൈസെല്‍ ബാറ്ററി
5. ബന്ധിപ്പിക്കാനുള്ള വയറുകള്‍
6. പശ
7. വാതകം സംഭരിക്കാനുള്ള രണ്ടു ടെസ്റ്റ് ട്യൂബ്
8. വെള്ളം

ചിരട്ടക്കടിയില്‍ രണ്ട് ദ്വാരങ്ങള്‍ ഇടുക. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ കാര്‍ബണ്‍ ദണ്ഡ് രണ്ടായിമുറിച്ച് ഓരോ ദണ്ഡും കുറച്ച് വെളിയിലേക്ക് തള്ളിയിരിക്കുന്ന രീതിയില്‍ ഓരോ ദ്വാരത്തിലും കയറ്റി വെച്ച് പശയുപയോഗിച്ച് സീല്‍ ചെയ്യുക. രണ്ട് വയറുകള്‍ അഗ്രത്തുള്ള ഇന്‍സുലേഷന്‍ നീക്കി ഓരോ ദണ്ഡിന്റേയും തള്ളിയിരിക്കുന്ന ഭാഗത്ത് നന്നായി ചുറ്റി ഉറപ്പിക്കുക. ചിരട്ടയിലേക്ക് വെള്ളം ഒഴിക്കുക. വെള്ളം ഒരു നല്ല വൈദ്യുത ചാലകമല്ലാത്തതിനാല്‍ ചിരട്ടയിലെ വെള്ളത്തിലേക്ക് കുറച്ച് അലക്കുകാരം ഇട്ട് ഇളക്കുക.

വാതകം സംഭരിക്കുവാനായി നമ്മള്‍ കരുതിയ രണ്ട് ടെസ്റ്റ് ട്യൂബുകളിലും നിറയേ വെള്ളം നിറച്ച് തള്ളവിരല്‍ കൊണ്ടമര്‍ത്തി തലകീഴായി ചിരട്ടക്കുള്ളിലെ വെള്ളത്തില്‍ കാര്‍ബ്ബണ്‍ ദണ്ഡുകള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കുക. ടെസ്റ്റ് ട്യൂബ് കിട്ടാത്തവര്‍ രണ്ട് ചെറിയ വെളുത്ത കുപ്പികള്‍ സംഘടിപ്പിച്ചാലും മതി.

വൈദ്യുതവിശ്ലേഷണത്തിനുള്ള സംവിധാനം തയ്യാറായിക്കഴിഞ്ഞു. ഇനി കാര്‍ബ്ബണ്‍ ദണ്ഡില്‍ ബന്ധിപ്പിച്ചിരിക്കുന്ന വയറുകളുടെ മറ്റു രണ്ടഗ്രങ്ങള്‍ ബാറ്ററിയുമായി ഘടിപ്പിക്കുക. ഇപ്പോള്‍ വൈദ്യുത വിശ്ലേഷണം ആരംഭിക്കുകയായി! ജലം വിഘടിച്ച് ഗുമിളകളായി ഓരോ ടെസ്റ്റ് ട്യൂബുകളിലും നിറയാന്‍ തുടങ്ങുന്നു. വാതകം നിറയുന്ന മുറക്ക് ടെസ്റ്റ് ട്യൂബില്‍ നിന്നും ജലം ഇറങ്ങിത്തുടങ്ങുന്നു.

വൈദ്യുതവിശ്ലേഷണപ്രക്രിയയില്‍ വൈദ്യുതി മൂലം വെള്ളത്തിന്റെ ഹൈഡ്രജന്‍-ഓക്സിജന്‍ രാസബന്ധത്തെ തകര്‍ത്ത് അവ തമ്മില്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. മുമ്പു സൂചിപ്പിച്ചതു പോലെ, വെള്ളത്തിന്റെ ഒരു തന്മാത്ര രണ്ടു് ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്സിജന്‍ ആറ്റവും ചേര്‍ന്നാണു് ഉണ്ടായിരിക്കുന്നതു്. അതിനാല്‍ ടെസ്റ്റ് ട്യൂബില്‍ നിറയുന്ന ഹൈഡ്രജന്റെ അളവ് ഓക്സിജനെ അപേക്ഷിച്ച് ഇരട്ടിയായിരിക്കും. നെഗറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (കാഥോഡ്) നിന്നും ഹൈഡ്രജനും പോസിറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (ആനോഡ്) നിന്നും ഓക്സിജനുമാണ് ഉണ്ടാകുന്നതു്.
© ScienceUncle. All rights resereved.

Monday, December 10, 2007

സ്റ്റാറ്റിക് വൈദ്യുതി - എന്ത്? എങ്ങനെ?

ഒരു വസ്തുവില്‍ വളര്‍ന്നുകൂടുന്ന ചാര്‍ജ്ജിനേയാണ് സ്റ്റാറ്റിക് വൈദ്യുതി എന്നു പറയുന്നത്. ഇതുമൂലം വസ്തുക്കള്‍ തമ്മില്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് രസമുള്ള കാഴ്ചയാകും. സ്റ്റാറ്റിക് വൈദ്യുതി ചിലപ്പോള്‍ പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകും. മേഘപാളികളില്‍ ഉരുത്തിരിയുന്ന സ്റ്റാറ്റിക് ചാര്‍ജ്ജ് ഡിസ്ചാര്‍ജ് ആകുമ്പോഴാണ് മിന്നല്‍ ഉണ്ടാകുന്നത്.

വസ്തുക്കള്‍ തമ്മില്‍ ഉരസി നമുക്ക് സ്റ്റാറ്റിക് വൈദ്യുതി നിര്‍മ്മിക്കാം. ഒരു വീര്‍പ്പിച്ച ബലൂണ്‍ തലയില്‍ കുറെ സമയം ഉരസിനോക്കൂ. തലമുടിയിലും ബലൂണിലും വിപരീത സ്റ്റാറ്റിക് ചാര്‍ജ്ജുകള്‍ ഉണ്ടാകുന്നു. ഇങ്ങനെ ഉരസിയ ബലൂണ്‍ തലമുടിക്ക് അടുത്തു കൊണ്ടുവരുമ്പോള്‍ തലമുടിയും ബലൂണും പരസ്പരം ആകര്‍ഷിക്കപ്പെടുന്നു.

തലയില്‍ നന്നായി ഉരസിയ ഒരു വീര്‍പ്പിച്ച ബലൂണ്‍ അടുത്തുള്ള ഭിത്തിയില്‍ വെച്ചുനോക്കുക. ബലൂണ്‍ ഭിത്തിയില്‍ തന്നെ ഇരിക്കുന്നു.

വസ്തുക്കള്‍ തമ്മില്‍ ഉരസുമ്പോള്‍ ഇലക്ട്രോണുകള്‍ ഒന്നിന്റെ പ്രതലത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റപ്പെടുന്നു. അങ്ങനെ ഒന്നില്‍ നെഗറ്റീവ് ചാര്‍ജ്ജും മറ്റൊന്നില്‍ പോസിറ്റീവ് ചാര്‍ജ്ജും നിര്‍മ്മിക്കപ്പെടുന്നു.

ഷൂസ് ധരിച്ച് കാര്‍പ്പെറ്റിലൂടെ കുറെനേരം നടക്കുമ്പോള്‍, കാര്‍പ്പെറ്റിലെ ഇലക്ട്രോണുകള്‍ ഷൂസിലേക്കും തദ്വാരാ നമ്മുടെ ശരീരത്തിലേക്കും കടന്ന് മോശമല്ലാത്ത ഒരു നെഗറ്റീവ് ചാര്‍ജ്ജ് നമ്മുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നു. മറ്റേതെങ്കിലും വസ്തുവിലേക്ക് സന്നിവേശിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ ചാര്‍ജ്ജ്, ലോഹ വാതില്‍പ്പിടിയിലോ മറ്റോ നാം സ്പര്‍ശിക്കുമ്പോള്‍ അതിലേക്ക് കടന്ന് ചെറിയ വൈദ്യുതഷോക്കാക്കി മാറ്റുന്നു.

സൂപ്പര്‍മാര്‍ക്കെറ്റുകളില്‍ ട്രോളി ഉന്തുമ്പോള്‍ ട്രോളിവീലും തറയും തമ്മില്‍ പ്രവര്‍ത്തിച്ചും കാറില്‍ സഞ്ചരിക്കുമ്പോള്‍ ശരീരവും സീറ്റും തമ്മില്‍ പ്രവര്‍ത്തിച്ചും സ്റ്റാറ്റിക് ചാ‍ര്‍ജ്ജ് സൃഷ്ടിക്കപ്പെടറുണ്ട്.

സ്റ്റാറ്റിക് ചാര്‍ജ്ജുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ദോഷം വിതച്ചേക്കാമെങ്കിലും ഉപകാരിയാകുന്ന സന്ദര്‍ഭങ്ങളും ധാരാളമുണ്ട്. ഫോട്ടോകോപ്പി മെഷീനുകളും, ലേസര്‍ പ്രിന്ററുകളും അങ്ങനെ മറ്റു പലതരം യന്ത്രങ്ങളും പ്രവര്‍ത്തിക്കുന്നത് സ്റ്റാറ്റിക് വൈദ്യുതിയെ ആധാരമാക്കിയാണ്.
© ScienceUncle. All rights resereved.