Friday, June 24, 2011

പാരഷൂട്ട് വഴി താഴേയ്ക്ക് ....


ഒരു വസ്തു വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കാനുള്ള ഉപകരണമാണ്‌ പാരഷൂട്ട്.

അന്തരീക്ഷത്തില്‍ നിന്ന്‍ ഭക്ഷണം, ഉപകരണം, ആളുകള്‍ ഇവ സുരക്ഷിതമായി താഴേക്ക് ഇറക്കുവാന്‍ ഇത്  ഉപയോഗിക്കുന്നു. വീഴ്ചയില്‍ നിന്ന്‍ സം‌രക്ഷിക്കുക എന്നാണ്‌ പാരഷൂട്ട് എന്ന ഫ്രെഞ്ച് വാക്കിന്റെ അര്‍ഥം.

നമുക്കൊരു പാരഷൂട്ട് നിര്‍മ്മിച്ചാലോ?

ആവശ്യമായ സാധനങ്ങള്‍
തുണി, കട്ടിയുള്ള നൂല്‍, കത്രിക

ആദ്യമായി ഒരു ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പ്ളെയ്റ്റ് അല്ലെങ്കില്‍ അതേ വലുപ്പമുള്ള വൃത്താകൃതിയിലുള്ള മറ്റെന്തെങ്കിലും അടപ്പോ (ചിത്രം നോക്കുക) ഒരു തുണിക്ക് മുകളില്‍ കമഴ്ത്തി വെയ്ക്കുക. ഇനി ഒരു ചോക്ക്  ഉപയോഗിച്ച് പാത്രത്തിന് ചുറ്റും തുണിയില്‍ ഒരു വൃത്തം വരയ്ക്കുക.

ഇനി അടയാളപ്പെടുത്തിയ സ്ഥലത്ത് കൂടി തുണി വൃത്തത്തില്‍ ഒരു കത്രിക ഉപയോഗിച്ച് സൂക്ഷിച്ച് വെട്ടിയെടുക്കുക.

വൃത്തത്തില്‍ വെട്ടിയെടുത്ത തുണി എട്ടായി മടക്കി, ഓരോ മടക്കും ചോക്കുപയോഗിച്ച് അടയാളപ്പെടുത്തുക. (ചിത്രം നോക്കുക)

ഇനി നമുക്ക് ഒന്നര അടി നീളം വീതമുള്ള കട്ടിയുള്ള 8 നൂലുകള്‍ വേണം.

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം ഈ നൂലുകള്‍ വൃത്തത്തിലുള്ള തുണിയുടെ വക്കില്‍ അടയാളപ്പെടുത്തിയ ഓരോ സ്ഥലത്തും കെട്ടിയുറപ്പിക്കുക. 8 നൂലുകളും കുരുങ്ങാതെ താഴേക്ക് തൂക്കിയിടുക.

ഇനി അവയുടെ അഗ്രങ്ങള്‍ ഒരുമിച്ച് കെട്ടി അതില്‍ ചെറിയ ഒരു ഭാരവും കെട്ടിയുറപ്പിക്കുക. ഈ ഭാരത്തേയാണ്‌ നമ്മുടെ പാരഷൂട്ടിന്‌ വഹിക്കേണ്ടത്.

പാരഷൂട്ട് പറക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

കുറച്ച് ഉയരത്തില്‍ നിന്ന്‍ പാരഷൂട്ട് താഴേക്ക് ഇട്ട് നോക്കൂ. തുണിയില്‍ വായു കയറി നിറഞ്ഞ് അത് പതിയെ താഴേക്ക് സഞ്ചരിച്ച് തുടങ്ങും.


© ScienceUncle. All rights resereved.

Wednesday, September 1, 2010

പെരിസ്കോപ്പ്

കാഴ്ചയില്‍ നിന്നും മറഞ്ഞ വസ്തുക്കള്‍ കാണാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പെരിസ്കോപ്പ്. മുങ്ങിക്കപ്പലുകളില്‍ നിന്ന് ജലനിരപ്പിനു മുകളിലുള്ളതു കാണുവാനും കിടങ്ങുകളില്‍ നിന്നും ഉപരിതലത്തിലെ ചലനങ്ങള്‍ നിരീക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു.

ആവശ്യമായ സാധനങ്ങള്‍
1. ചതുരത്തില്‍ മുറിച്ച ചെറിയ രണ്ട് മുഖക്കണ്ണാടിക്കഷണങ്ങള്‍. (ഗ്ലാസ്സ് വില്‍ക്കുന്ന കടയില്‍ പറയൂ, വൃത്തിയായി മുറിച്ചു തരും.)
2. കുറച്ച് കാര്‍ഡ് ബോര്‍ഡ്
3. പശ അല്ലെങ്കില്‍ സെല്ലോറ്റേപ്പ്


മുകളിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ കാര്‍ഡ് ബോര്‍ഡ് കൊണ്ട് ചതുരത്തിലുള്ള ഒരു കുഴല്‍ നിര്‍മ്മിക്കുക. തുറന്നു കിടക്കുന്ന രണ്ട് മൂലകളിലും ചിത്രത്തിലേതു പോലെ കണ്ണാടിക്കഷണങ്ങള്‍ പശ അല്ലെങ്കില്‍ സെല്ലോറ്റേപ്പ് ഉപയോഗിച്ച് തിളങ്ങുന്ന വശം നീല ആരോ മാര്‍ക്കില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പ്രകാരം 45 ഡിഗ്രി ചരിച്ച് വച്ച് ഒട്ടിക്കുക. നാം ഇപ്പോള്‍ ലളിതമായ ഒരു പെരിസ്കോപ്പ് നിര്‍മ്മിച്ചു കഴിഞ്ഞു.
ഭിത്തിക്കപ്പുറമുള്ള കാഴ്ചകള്‍ പെരിസ്കോപിന്റെ താഴെയുള്ള കണ്ണാടിയിലൂടെ കാണാന്‍ ശ്രമിക്കൂ. മുകളിലെ കണ്ണാടിയില്‍ ഉണ്ടാകുന്ന പ്രതിബിംബം മറ്റൊരു തവണ കൂടി താഴെയുള്ള കണ്ണാടിയില്‍ പ്രതിബിംബിച്ച് മുകളിലൂടെ നോക്കുന്ന അതേ രീതിയില്‍ താഴെയുള്ള കണ്ണാടിയില്‍ കാണപ്പെടുന്നു. കണ്ണാടിയുടെ 45 ഡിഗ്രിക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. അല്ലെങ്കില്‍ വെറും കാര്‍ഡ് ബോര്‍‌ഡായിരിക്കും കണ്ണാടിയില്‍ കാണുക!

© ScienceUncle. All rights resereved.

Wednesday, October 14, 2009

പെന്‍ഡുലത്തിന്റെ കഥ - ഘടികാരത്തിന്റേയും.

സ്വതന്ത്രമായി ആടാന്‍ കഴിയുമാറ് ഒരു ചരടില്‍ തൂക്കിയിട്ടിരിക്കുന്ന ഭാരത്തെയാണ് പെന്‍ഡുലം എന്നു പറയുന്നത്.

വര്‍ഷം 1580 കളില്‍ എന്നോ ഗലീലിയോ പിസാ കത്തീഡ്രലില്‍ പ്രാര്‍ത്ഥനക്ക് പോയി. മച്ചില്‍ തൂങ്ങിയാടുന്ന വിളക്കിലായിരുന്നു ഗലീലിയോയുടെ ശ്രദ്ധ. ഏത് കോണളവില്‍ വിളക്ക് ആട്ടം തുടങ്ങിയാലും ഒരു തലക്കല്‍ നിന്ന് മറുതലക്കലേക്ക് ആടി തുടങ്ങിയേടത്ത് തിരികെ വരാന്‍ ഒരേ സമയമാണെടുക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരായിരം വിളക്കു തെളിഞ്ഞു കാണണം ഗലീലിയോയുടെ മനസ്സിലപ്പോള്‍! കൃത്യമായി സമയം അറിയിക്കാനുള്ള ഒരു സംവിധാനത്തിന്റെ മൂലഘടകമാക്കാനാവും ഈ പ്രതിഭാസം.

ഗലീലിയോ പെന്‍ഡുലം ക്ലോക്ക് ഉണ്ടാക്കാന്‍ സ്വജീവിതത്തില്‍ വളരെ അധ്വാനിച്ചെങ്കീലും 1642 ലെ തന്റെ മരണത്തിനു മുമ്പ് പൂര്‍ത്തികരിക്കാനായില്ല. 1656 ല്‍ ക്രിസ്റ്റ്യന്‍ ഹൈജന്‍സ് എന്ന ഡച്ച് ഗണിത ശാസ്ത്രജ്ഞന്‍ ഗലീലിയോയുടെ ഈ കണ്ടെത്തല്‍ ആധാരമാക്കി ലോകത്തിലെ ആദ്യത്തെ കൃത്യമായ പെന്‍ഡുലം ക്ലോക്ക് നിര്‍മ്മിച്ചു. നാം ഇന്ന് അത്ര പ്രാധാന്യം കല്‍പ്പിക്കുന്നില്ലെങ്കിലും പലരുടെ വര്‍ഷങ്ങള്‍ നീണ്ട തുടരധ്വാനങ്ങളുടെ ഫലമായിരുന്നു ആദ്യ പെന്‍ഡുലം ക്ലോക്ക്. ഗണിതശാസ്ത്രജ്ഞന്റെ കൃത്യത ക്ലോക്കിന്റെ നിര്‍മ്മാണത്തിലും പുലര്‍ത്തിയതിനാല്‍ ഹൈജന്‍സിന്റെ ആദ്യകാല ക്ലോക്കുകള്‍ ദിവസത്തില്‍ ഒരു മിനിറ്റ് വ്യത്യാസമേ കാണിച്ചിരുന്നുള്ളൂ. പിന്നെയും തുടര്‍ന്ന കൃത്യതയ്ക്കുവേണ്ടിയുള്ള യത്നത്തില്‍ ഈ വ്യത്യാസം 10 സെക്കന്‍ഡില്‍ കുറയ്ക്കാനും കഴിഞ്ഞു.

നമുക്കൊരു പെന്‍ഡുലം നിര്‍മ്മിച്ചാലോ?
ഏകദേശം ഒരു മീറ്റര്‍ നീളമുള്ള നൂലില്‍ ഒരു ചെറിയ ഭാരം കെടിത്തൂക്കിയിടുക. എന്നിട്ട് അതിനെ പതുക്കെ ആടി വിടുക. 25 തവണ ആടാന്‍ എത്ര സമയം എടുത്തുവെന്ന് മന്‍സ്സിലാക്കുക. ആ സമയത്തെ 25 കൊണ്ട് ഹരിച്ചാല്‍ ഒരു തവണ ആട്ടം പൂര്‍ത്തിയാക്കാനുള്ള സമയം കിട്ടും.

മുകളില്‍ പറഞ്ഞ പരീക്ഷണം പല അളവിലുള്ള ഭാരങ്ങള്‍ കൊണ്ട് ചെയ്തു നോക്കുക.
തൂക്കിയിട്ടിരിക്കുന്ന ഭാരമോ എത്ര വലിച്ച് വെച്ച് ആട്ടം തുടങ്ങിയെന്നതോ ഒന്നും ആട്ടം പൂര്‍ത്തിയാക്കാനുള്ള സമയത്തെ ബാധിക്കുന്നില്ലായെന്ന് കാണാന്‍ കഴിയും. സമയത്തെ ബാധിക്കുന്നത് ഒന്നേ ഒന്നു മാത്രം - നൂലിന്റെ നീളം!

എന്ന സൂത്രവാക്യം ഉപയോഗിച്ച് L നീളമുള്ള പെന്‍ഡുലത്തിനു് ഒരു ആട്ടം പൂര്‍ത്തിയാക്കേണ്ട സമയം(T) കണ്ടു പിടിക്കാം.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍: T സമയത്തില്‍ ആടാനുള്ള പെന്‍ഡുലത്തിന് വേണ്ട നീളം (L) കണ്ടു പിടിക്കാന്‍ സൂത്രവാക്യം ഇങ്ങനെയുമാവാം.


g - ഭൂഗുരുത്വാകര്‍ഷണം മൂലമുള്ള ത്വരണം (ഏകദേശം 9.8 മീറ്റർ/സെക്കൻഡ്2)
പൈ - ഏകദേശം 3.14

ഈ പെന്‍ഡുലത്തിന്റെ ആട്ടത്തെ ഇങ്ങനെ കൂടുതല്‍ സമയം നില നിര്‍ത്തുന്നത് എങ്ങനെയെന്നും അതു കറക്കമാക്കി എങ്ങനെ മാറ്റാമെന്നും താഴെയുള്ള ചിത്രങ്ങളില്‍ നിന്ന്‍ മനസ്സിലാക്കാം.

സാധാരണ ഗതിയില്‍ ഭാരം ചുറ്റിയ പല്‍ചക്രം വേഗത്തില്‍ കറങ്ങിത്തീരും. ഇവിടെ പെന്‍ഡുലവും അതിനോട് ചേര്‍ന്നുള്ള എസ്കേപ്മെന്റ് എന്ന സംവിധാനവും ചേര്‍ന്ന് പല്‍ചക്രത്തിന്റെ കറക്കം ക്രമ ബദ്ധമാക്കി തീര്‍ക്കുന്നു.

ചുറ്റി വെച്ച കയര്‍ പെന്‍ഡുലത്തിന്റെ സമയ ക്രമത്തിനനുസ്സരിച്ച് കുറേശ്ശേ അഴിഞ്ഞഴിഞ്ഞ് വരുന്നു. പല്‍ചക്രം ഒരേ അനുപാതത്തില്‍ (പെന്‍ഡുലത്തിന്റെ ആട്ടത്തിനെടുക്കുന്ന സമയത്തിനനുസരിച്ച്) കൃത്യമായി തിരിയുന്നു. പല്‍ചക്രത്തിന്റെ മധ്യത്തില്‍ ഒരു സൂചിപിടിപ്പിച്ചാല്‍ മുകളിലെ സംവിധാനം ഒരു ക്ലോക്കാക്കി മാറ്റാമോ?
© ScienceUncle. All rights resereved.

Sunday, December 21, 2008

കണ്ണിനുമുണ്ട് കഥ പറയാന്‍..


ഈ കാണുന്ന ചിത്രത്തിലേക്ക് 10-20 സെക്കന്‍ഡ് നേരം തുറിച്ചുനോക്കുക. ഇനി അടുത്തുള്ള വെളുത്ത ഏതെങ്കിലും പ്രതലത്തിലേക്ക് കണ്ണു പായിക്കുക. ചിത്രത്തിന്റെ അയഥാര്‍ത്ഥമായ മറ്റൊരു പ്രതിബിംബം ഇപ്പോള്‍ ദര്‍ശിക്കാന്‍ സാധിക്കുന്നു.

ഇതെങ്ങനെയാണ് സംഭവിക്കുന്നത്? കണ്ണിന്റെ ഒരു പ്രത്യേകതകൊണ്ടാണ് ഇതുണ്ടാകുന്നത്. ഈ ദൃശ്യത്തെ അനന്തരദൃശ്യം (ആഫ്റ്റര്‍ ഇമേജ്) എന്നു വിളിക്കാം. പരിധിയില്‍ കവിഞ്ഞ നേരം അനന്തരദൃശ്യം ദൃഷ്ടിയില്‍ തങ്ങിനിന്നാല്‍ അതൊരു അസുഖമായി ഗണിക്കപ്പെടും.

അനന്തരദൃശ്യങ്ങള്‍ രണ്ടു തരത്തിലുണ്ട്. പോസിറ്റീവ് അനന്തരദൃശ്യവും നെഗറ്റീവ് അനന്തരദൃശ്യവും. ചിത്രം അതേനിറത്തില്‍ ദൃഷ്ടിയില്‍ തങ്ങിനില്‍ക്കുന്നതാണ് പോസിറ്റീവ് അനന്തരദൃശ്യം. സിനിമയും കാര്‍ട്ടൂണും മറ്റും തടസ്സം അറിയാതെ കാണുന്നത് ഈ പ്രത്യേകതകൊണ്ടാണ്
(തുടരെ വീഴുന്ന ചിത്രങ്ങളാണല്ലോ വാസ്തവത്തില്‍ ചലിക്കുന്നതായി തോന്നുന്നത്). കണ്ണിന്റെ ഈ പ്രത്യേകത സമജ്ഞനക്ഷമത (പെഴ്സിസ്റ്റന്‍സ് ഓഫ് വിഷന്‍) എന്നറിയപ്പെടുന്നു. റെറ്റിനയുടെ കോശങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ തിരികെയാക്കാനുള്ള താമസമാണിതിനു കാരണം.

നെഗറ്റീവ് അനന്തരദൃശ്യം ഫോട്ടോയുടെ നെഗറ്റീവ് പോലെ നിറം തിരിഞ്ഞിരിക്കും. അവിടെ ചുവപ്പ് പച്ചയായും, പച്ച ചുവപ്പായും, നീല മഞ്ഞയായും മഞ്ഞ നീലയായും, കറുപ്പ് വെളുപ്പായും, വെളുപ്പ് കറുപ്പായും മാറിയുള്ള പ്രതിബിംബമാവും നാം കാണുക. മുകളിലെ ചിത്രത്തിലും ഈ പ്രതിഭാസം തന്നെയാണ് കാണാനായത്. റോഡോസ്പിന്‍ എന്ന രാസവസ്തുവാണ് റെറ്റിനയിലെ കോശങ്ങള്‍ക്ക് പ്രകാശസംവേദനക്ഷമത നല്‍കുന്നത്. പ്രകാശം പതിക്കുമ്പോള്‍ ഈ രാസവസ്തു അപ്രത്യക്ഷമാകുന്നു. പ്രകാശം ഏറിയാല്‍ പെട്ടെന്നാണതുണ്ടാകുക. തുറിച്ച് നോക്കുമ്പോള്‍ അങ്ങനെ നമ്മുടെ ചിത്രത്തിലെ നക്ഷത്രമുള്ള ഭാഗത്തെ റോഡോസ്പിന്‍ പെട്ടെന്ന് നഷ്ടമാകുകയും ആ ഭാഗം പ്രകാശത്തോട് നല്ലനിലയില്‍ പ്രതികരിക്കാതാവുകയും ചെയ്യും. പിന്നീട് നാം ഏതെങ്കിലും വെളുത്തപ്രതലത്തിലേക്ക് നോക്കുമ്പോള്‍, നക്ഷത്രം പതിഞ്ഞ റെറ്റിനയുടെ ഭാഗം പ്രകാശത്തോട് നല്ലനിലയില്‍ പ്രതികരിക്കാതാവുകയും കറുപ്പു നിറത്തില്‍ അനുഭവവേദ്യമാകുകയും ചെയ്യുന്നു.

കണ്ണിനും കഥ പറയാനുണ്ടെന്ന് ബോധ്യമായില്ലേ?

© ScienceUncle. All rights resereved.

Friday, December 21, 2007

സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ?

ഒരു തയ്യല്‍ സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? സംശയിക്കേണ്ടാ - പൊങ്ങിക്കിടക്കും.

സാധാരണ ഗതിയില്‍ സൂചി വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുക തന്നെ ചെയ്യും. പക്ഷേ വളരെ സാവധാനം സൂക്ഷിച്ച് ഒരു പുതിയ സൂചി വെള്ളത്തിനു മുകളില്‍ വെച്ചു നോക്കൂ. അത്ഭുതം! സൂചി വെള്ളത്തിനു മുകളില്‍ തന്നെയിരിക്കുന്നു. മെഴുകോ എണ്ണയോ മറ്റോ അല്പം പുരട്ടിയ സൂചിയാണെങ്കില്‍ ഇത് എളുപ്പമായിരിക്കും. ഇനി ഇങ്ങനെ സാവധാനം വെച്ചിട്ടും താഴ്ന്നു പോകുന്നുണ്ടെങ്കില്‍ മറ്റൊരു സൂത്രവിദ്യയിലൂടെ സൂചി വെള്ളത്തില്‍ പൊക്കി നിര്‍ത്താം. വെള്ളത്തിനു മുകളില്‍ കുറച്ചു ഒപ്പുകടലാസ് അല്ലെങ്കില്‍ ടിഷ്യൂ പേപ്പര്‍ വെക്കുക. അതിനു മുകളില്‍ ഇനി സൂചി നന്നായി തുടച്ചിട്ട് വെക്കുക. ടിഷ്യൂ പേപ്പര്‍ നനയുമ്പോള്‍ ഒരു പെന്‍സില്‍ കൊണ്ട് കുത്തി വെള്ളത്തിലേക്ക് പതുക്കെ താഴ്ത്തുക. സൂചി മാത്രം വെള്ളത്തില്‍ പൊങ്ങിക്കിടക്കും.

തീര്‍ച്ചയായും ഇരുമ്പു കൊണ്ടുണ്ടാക്കിയ തയ്യല്‍ സൂചിക്ക് ജലത്തെ അപേക്ഷിച്ച് പല മടങ്ങ് സാന്ദ്രത കൂടുതലാണ്. പക്ഷേ എങ്ങനെയാണ് സൂചി പൊങ്ങിക്കിടക്കുന്നത്? പ്രതലബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍ കൊണ്ട് ജലതന്മാത്രകള്‍ ഒരുക്കുന്ന മെത്തയില്‍ വിശ്രമിക്കുകയാണ് നമ്മുടെ തയ്യല്‍ സൂചി.

ദ്രാവക തന്മാത്രകള്‍ പലരീതിയിലുള്ള ബലങ്ങള്‍കൊണ്ട് പരസ്പരം ആകര്‍ഷിക്കപ്പെടുന്നു. ദ്രാവകത്തിന്റെ അന്തര്‍ഭാഗത്ത് ഓരോ തന്മാത്രയുടേയും നാലുവശത്തു നിന്നും മുകളില്‍ നിന്നും താഴെ നിന്നും മറ്റു തന്മാത്രകള്‍ ആകര്‍ഷിച്ച് വലിക്കുന്നതിനാല്‍ തന്മാത്രകള്‍ ഏകദേശം സന്തുലിതമായിരിക്കും. എന്നാല്‍ ദ്രാവകത്തിന്റെ മുകള്‍ഭാഗത്തെ സ്ഥിതി ഇതല്ല. അവിടെ മുകളിലേക്ക് വലിക്കാന്‍ മറ്റു തന്മാത്രകള്‍ ഇല്ലല്ലോ! താഴേക്കുള്ള വലിയെ പ്രതിരോധിക്കാന്‍ അതിനും മുകളില്‍ തന്മാത്രകള്‍ ഇല്ലാത്തതിനാല്‍ ദ്രാവകത്തിന്റെ മുകള്‍ ഭാഗം താഴെയുള്ള തന്മാത്രകള്‍ പിടിച്ച് വലിച്ച് ഒരു ഇലാസ്റ്റിക് പാളി പോലെ ആക്കുന്നു. ഇതാണ് പ്രതല ബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍!

ദ്രാവക തന്മാത്രകളുടെ ഈ പരസ്പര ആകര്‍ഷണ ബന്ധം ഇല്ലായിരുന്നുവെങ്കില്‍..... തന്മാത്രകള്‍ ദ്രുതഗതിയില്‍ ചലിച്ച് ചൂടുപിടിക്കുകയും വറ്റിപ്പോകുകയും മറ്റും ചെയ്തേനെ! ദൈവാനുഗ്രഹം.....

© ScienceUncle. All rights resereved.