Friday, May 14, 2010

ജീവികളെ അറിയുക - 1. ഈച്ചകള്‍

മനുഷ്യവാസമുള്ള എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു ജീവിവര്‍ഗ്ഗമാണ് ഈച്ചകള്‍. ദ്രാവകാവസ്ഥയിലുള്ള ഭക്ഷണമാണ് ഈച്ച അകത്താക്കാറുള്ളത്. സ്പോഞ്ച് പോലെയുള്ള വായുടെ

ഭാഗങ്ങള്‍ ഇത്തരം ദ്രാവക ഭക്ഷണം വലിച്ചെടുക്കാന്‍ ഈച്ചകളെ സഹായിക്കുന്നു.

ഈച്ചകള്‍ സാധാരണയായി അവസാനം അകത്താക്കിയ ഭക്ഷണശകലങ്ങള്‍ പുതിയ ഭക്ഷണത്തിലേക്ക് ഛര്‍ദ്ദിക്കാറുണ്ട്. പുതിയ ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാന്‍ ഇത് ഈച്ചകളെ സഹായിക്കുന്നുണ്ടെങ്കിലും പലവിധ അസുഖങ്ങള്‍ പരക്കാനും ഇത് കാരണമാകുന്നു.

ഓരോന്നിലും നാലായിരത്തോളം ലെന്‍സുകള്‍ ചേര്‍ന്ന സംയുക്ത നേത്രങ്ങളാണ് ഈച്ചകള്‍ക്കുള്ളത്. ചുവപ്പ് നിറം കാണാനുള്ള കഴിവ് ഈച്ചകള്‍ക്കില്ലായെന്ന് പറയപ്പെടുന്നു.

കാലുകളുടെ അഗ്രങ്ങളിലുള്ള നേര്‍ത്ത രോമങ്ങളിലൂടെ ദ്രവകങ്ങളുടെ രുചിയറിയാന്‍ ഈച്ചകള്‍ക്കാവും. ഒരു പെണ്ണീച്ച അതിന്റെ ആയുസ്സില്‍ 600 മുതല്‍ 1000 വരെ മുട്ടകളിടാറുണ്ട്.

© ScienceUncle. All rights resereved.

Wednesday, June 17, 2009

നീലത്തിമിംഗലവും ശബ്ദവും


ഭൂമിയിലെ ഏറ്റവും വലുപ്പമുള്ള ജന്തു ഏതാണ്? 1,36,000 കിലോയോളം ഭാരം വരുന്ന നീലത്തിമിംഗലം! എന്നാല്‍ ഏറ്റവുമധികം ശബ്ദമുള്ള ജന്തുവോ? അതും നീലത്തിമിംഗലം തന്നെ! രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയിലെ ഹൌളര്‍ കുരങ്ങുകള്‍ക്കാണ്.

നീലത്തിമിംഗലങ്ങള്‍ പുറപ്പെടുപ്പിക്കുന്ന ശബ്ദം വെള്ളത്തിനടിയില്‍ നൂറുകണക്കിന് മൈലുകള്‍ സഞ്ചരിക്കുമത്രെ! ചീറിപ്പായുന്ന ജെറ്റ് വിമാനത്തിന്റെ ശബ്ദ തീവ്രത140 ഡെസിബല്‍ വരുമ്പോള്‍ 3600 കിലോ ഭക്ഷണം ദിനേന അകത്താക്കുന്ന ഈ ഭീമന്‍ 188 ഡെസിബലിലാണ് ‘ഗര്‍ജ്ജിക്കുന്നത്’. (മനുഷ്യന്റെ അട്ടഹാസം 70 ഡെസിബല്‍ വരും. )

തിമിംഗല ഗര്‍ജ്ജനം ഗാനാലാപനമായി ഒരിക്കല്‍ മാറിയാല്‍ ഏകദേശം അരമണിക്കൂറോളം നീണ്ടു നില്‍ക്കും. മനുഷ്യനില്‍ നിന്ന് വ്യത്യസ്തമായി നീലത്തിമിംഗലങ്ങള്‍ക്ക് വോക്കല്‍ കോര്‍ഡ് ഇല്ല. ഏത് ശരീരഭാഗം കൊണ്ടാണ് നീല തിമിംഗലം ശബ്ദം പുറപ്പെടുവിക്കുന്നത് എന്നുള്ളത് തിമിംഗല ശാസ്ത്രജ്ഞര്‍‌ക്കു് ശരിക്കും മനസ്സിലാക്കാനായിട്ടില്ല.

© ScienceUncle. All rights resereved.