Wednesday, September 1, 2010

പെരിസ്കോപ്പ്

കാഴ്ചയില്‍ നിന്നും മറഞ്ഞ വസ്തുക്കള്‍ കാണാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പെരിസ്കോപ്പ്. മുങ്ങിക്കപ്പലുകളില്‍ നിന്ന് ജലനിരപ്പിനു മുകളിലുള്ളതു കാണുവാനും കിടങ്ങുകളില്‍ നിന്നും ഉപരിതലത്തിലെ ചലനങ്ങള്‍ നിരീക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു.

ആവശ്യമായ സാധനങ്ങള്‍
1. ചതുരത്തില്‍ മുറിച്ച ചെറിയ രണ്ട് മുഖക്കണ്ണാടിക്കഷണങ്ങള്‍. (ഗ്ലാസ്സ് വില്‍ക്കുന്ന കടയില്‍ പറയൂ, വൃത്തിയായി മുറിച്ചു തരും.)
2. കുറച്ച് കാര്‍ഡ് ബോര്‍ഡ്
3. പശ അല്ലെങ്കില്‍ സെല്ലോറ്റേപ്പ്


മുകളിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ കാര്‍ഡ് ബോര്‍ഡ് കൊണ്ട് ചതുരത്തിലുള്ള ഒരു കുഴല്‍ നിര്‍മ്മിക്കുക. തുറന്നു കിടക്കുന്ന രണ്ട് മൂലകളിലും ചിത്രത്തിലേതു പോലെ കണ്ണാടിക്കഷണങ്ങള്‍ പശ അല്ലെങ്കില്‍ സെല്ലോറ്റേപ്പ് ഉപയോഗിച്ച് തിളങ്ങുന്ന വശം നീല ആരോ മാര്‍ക്കില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പ്രകാരം 45 ഡിഗ്രി ചരിച്ച് വച്ച് ഒട്ടിക്കുക. നാം ഇപ്പോള്‍ ലളിതമായ ഒരു പെരിസ്കോപ്പ് നിര്‍മ്മിച്ചു കഴിഞ്ഞു.
ഭിത്തിക്കപ്പുറമുള്ള കാഴ്ചകള്‍ പെരിസ്കോപിന്റെ താഴെയുള്ള കണ്ണാടിയിലൂടെ കാണാന്‍ ശ്രമിക്കൂ. മുകളിലെ കണ്ണാടിയില്‍ ഉണ്ടാകുന്ന പ്രതിബിംബം മറ്റൊരു തവണ കൂടി താഴെയുള്ള കണ്ണാടിയില്‍ പ്രതിബിംബിച്ച് മുകളിലൂടെ നോക്കുന്ന അതേ രീതിയില്‍ താഴെയുള്ള കണ്ണാടിയില്‍ കാണപ്പെടുന്നു. കണ്ണാടിയുടെ 45 ഡിഗ്രിക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. അല്ലെങ്കില്‍ വെറും കാര്‍ഡ് ബോര്‍‌ഡായിരിക്കും കണ്ണാടിയില്‍ കാണുക!

© ScienceUncle. All rights resereved.

Saturday, September 13, 2008

കടലാസുകൊണ്ടൊരു സുന്ദരന്‍ പെഴ്‌സ് !

കടലാസുകൊണ്ട് ഒരു സുന്ദരന്‍ പെഴ്സ് ഉണ്ടാക്കുന്ന വിദ്യ ഇപ്പോള്‍ പഠിക്കാം.
ഒരു A4 സൈസ് കടലാസ് എടുത്ത് രണ്ടു കോണുകള്‍ ചിത്രത്തില്‍ കാണുന്നതു പോലെ മടക്കുക. A4 സൈസ് കിട്ടിയില്ലെങ്കില്‍ ഒരു നോട്ടുബുക്കിന്റെ കടലാസ് ആണെങ്കിലും മതി.

ഇനി ഇങ്ങനെ മടക്കുക.ഇനി ഇപ്പോള്‍ മടക്കിയഭാഗത്തെ മൂന്നായി ഭാഗിക്കുന്നരീതിയില്‍ ചിത്രത്തിലേതുപോലെ പിറകിലേക്കു രണ്ടു തവണ മടക്കുക.

ഇനി നീണ്ടു നില്‍ക്കുന്ന ഭാഗം ഒന്നിലേക്കൊന്നു പതിയെ കൊരുത്തു കയറ്റുക.

പേഴ്‌സ് ഏകദേശം തയ്യാറായിവരുന്നു.
ഇപ്പോള്‍ അധികം വന്ന ഭാഗം ചിത്രത്തില്‍ കാണുന്നതു പോലെ മടക്കി പെഴ്സിന്റെ അടിവശത്തേക്ക് തിരുകി കയറ്റുക.
നീളം അധികം ഉണ്ടെന്നു തോന്നിയാല്‍ അല്പം മുറിച്ചു കളഞ്ഞിട്ട് തിരുകുകയുമാവാം. നമ്മുടെ കടലാസു പെഴ്സ് തയ്യാര്‍!
© ScienceUncle. All rights resereved.

Friday, March 28, 2008

മഴയത്ത് ഓടിക്കാന്‍ ഒരു 'യന്ത്രബോട്ട്' ഉണ്ടാക്കാം...

നാട്ടില്‍ മഴക്കാലത്ത് വഴിയിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി ഓടിക്കുന്നത് കുട്ടികളുടെ ഇഷ്ടവിനോദമാണല്ലോ! ഇന്ന് വെള്ളത്തില്‍ ഓടിക്കാവുന്ന ഒരു രസികന്‍ യന്ത്രബോട്ടുണ്ടാക്കുന്ന വിദ്യ പഠിച്ചു കൊള്ളൂ.

ആവശ്യമായ സാധനങ്ങള്‍
ഒന്നര അടി നീളമുള്ള ഒരു വാഴയിലയുടെ തണ്ട്
ഒരു റബ്ബര്‍ ബാന്‍ഡ്
രണ്ട് ഇഞ്ച് നീളമുള്ള ഒരു ചെറിയ കമ്പ്.
കനം കുറഞ്ഞ ബലമുള്ള ഒരു ചെറിയ മരപ്പാളി.

ചിത്രത്തില്‍ കാണുന്നതു പോലെ വാഴയിലയുടെ തണ്ട് നടുക്കുവെച്ച് ‘V' ആകൃതിയില്‍ മടക്കുക. അതിന്റെ മദ്ധ്യത്തിലായി ചെറിയ കമ്പ് ചിത്രത്തില്‍ കാണുന്നതു പോലെ ഉറപ്പിച്ച് (ഇപ്പോള്‍ 'A' പോലെയായി) വാഴത്തണ്ടിന്റെ രണ്ടഗ്രങ്ങളിലും കൂടി റബ്ബര്‍ ബാന്‍ഡ് ഇട്ട് ഉറപ്പിക്കുക. ഇനി കനം കുറഞ്ഞ മരപ്പാളി റബ്ബര്‍ ബാന്‍‌ഡിന്റെ ഇടയിലേക്ക് കടത്തി, പിരിക്കുക.

ഇത്രയും തയ്യാറായാല്‍ ഈ ബോട്ട് വെള്ളത്തിലിറക്കാം. റബ്ബര്‍ ബാന്‍‌ഡിന്റെ പിരി അയയാതെ സാ‍വധാനം ബോട്ടിനെ വെള്ളത്തില്‍ വെച്ച് കൈ എടുക്കുക. റബ്ബര്‍ ബാന്‍‌ഡ് പിരി കുറേശ്ശെ അഴിഞ്ഞു വരുന്നതോടൊപ്പം ബോട്ട് മുന്നോട്ട് കുതിക്കുകയും ചെയ്യുന്നു. റബ്ബര്‍ ബാന്‍‌ഡ് പിരിച്ചു വെച്ച ദിശയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടെന്നു പറയേണ്ടതില്ലല്ലോ!

ഈ ‘ യന്ത്രബോട്ട് ‘ ഇഷ്ടമായോ?
© ScienceUncle. All rights resereved.