Friday, March 28, 2008

മഴയത്ത് ഓടിക്കാന്‍ ഒരു 'യന്ത്രബോട്ട്' ഉണ്ടാക്കാം...

നാട്ടില്‍ മഴക്കാലത്ത് വഴിയിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി ഓടിക്കുന്നത് കുട്ടികളുടെ ഇഷ്ടവിനോദമാണല്ലോ! ഇന്ന് വെള്ളത്തില്‍ ഓടിക്കാവുന്ന ഒരു രസികന്‍ യന്ത്രബോട്ടുണ്ടാക്കുന്ന വിദ്യ പഠിച്ചു കൊള്ളൂ.

ആവശ്യമായ സാധനങ്ങള്‍
ഒന്നര അടി നീളമുള്ള ഒരു വാഴയിലയുടെ തണ്ട്
ഒരു റബ്ബര്‍ ബാന്‍ഡ്
രണ്ട് ഇഞ്ച് നീളമുള്ള ഒരു ചെറിയ കമ്പ്.
കനം കുറഞ്ഞ ബലമുള്ള ഒരു ചെറിയ മരപ്പാളി.

ചിത്രത്തില്‍ കാണുന്നതു പോലെ വാഴയിലയുടെ തണ്ട് നടുക്കുവെച്ച് ‘V' ആകൃതിയില്‍ മടക്കുക. അതിന്റെ മദ്ധ്യത്തിലായി ചെറിയ കമ്പ് ചിത്രത്തില്‍ കാണുന്നതു പോലെ ഉറപ്പിച്ച് (ഇപ്പോള്‍ 'A' പോലെയായി) വാഴത്തണ്ടിന്റെ രണ്ടഗ്രങ്ങളിലും കൂടി റബ്ബര്‍ ബാന്‍ഡ് ഇട്ട് ഉറപ്പിക്കുക. ഇനി കനം കുറഞ്ഞ മരപ്പാളി റബ്ബര്‍ ബാന്‍‌ഡിന്റെ ഇടയിലേക്ക് കടത്തി, പിരിക്കുക.

ഇത്രയും തയ്യാറായാല്‍ ഈ ബോട്ട് വെള്ളത്തിലിറക്കാം. റബ്ബര്‍ ബാന്‍‌ഡിന്റെ പിരി അയയാതെ സാ‍വധാനം ബോട്ടിനെ വെള്ളത്തില്‍ വെച്ച് കൈ എടുക്കുക. റബ്ബര്‍ ബാന്‍‌ഡ് പിരി കുറേശ്ശെ അഴിഞ്ഞു വരുന്നതോടൊപ്പം ബോട്ട് മുന്നോട്ട് കുതിക്കുകയും ചെയ്യുന്നു. റബ്ബര്‍ ബാന്‍‌ഡ് പിരിച്ചു വെച്ച ദിശയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടെന്നു പറയേണ്ടതില്ലല്ലോ!

ഈ ‘ യന്ത്രബോട്ട് ‘ ഇഷ്ടമായോ?
© ScienceUncle. All rights resereved.

2 comments:

  1. കൊള്ളാം അങ്കിളേ..

    പേസ്റ്റ്, സോപ്പ്‌ എന്നിവ ഒരു പ്ളാസിക്‌ ടങ്ക്ളീനറിന്‍റെ കഷണത്തിന്‍റെ ഒരറ്റത്തു വെച്ചും ചെറുപ്പത്തില്‍ ബോട്ടുണ്ടാക്കാറുണ്ടായിരുന്നു..

    ReplyDelete
  2. പാമരന്‍...
    നന്ദി! താങ്കളുടെ സോപ്പ് ബോട്ട് സര്‍ഫസ് ടെന്‍ഷന്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സര്‍ഫസ് ടെന്‍ഷന്‍ ലേഖനം ഇതാ ഇവിടെ.

    ReplyDelete