Monday, December 10, 2007

സ്റ്റാറ്റിക് വൈദ്യുതി - എന്ത്? എങ്ങനെ?

ഒരു വസ്തുവില്‍ വളര്‍ന്നുകൂടുന്ന ചാര്‍ജ്ജിനേയാണ് സ്റ്റാറ്റിക് വൈദ്യുതി എന്നു പറയുന്നത്. ഇതുമൂലം വസ്തുക്കള്‍ തമ്മില്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് രസമുള്ള കാഴ്ചയാകും. സ്റ്റാറ്റിക് വൈദ്യുതി ചിലപ്പോള്‍ പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകും. മേഘപാളികളില്‍ ഉരുത്തിരിയുന്ന സ്റ്റാറ്റിക് ചാര്‍ജ്ജ് ഡിസ്ചാര്‍ജ് ആകുമ്പോഴാണ് മിന്നല്‍ ഉണ്ടാകുന്നത്.

വസ്തുക്കള്‍ തമ്മില്‍ ഉരസി നമുക്ക് സ്റ്റാറ്റിക് വൈദ്യുതി നിര്‍മ്മിക്കാം. ഒരു വീര്‍പ്പിച്ച ബലൂണ്‍ തലയില്‍ കുറെ സമയം ഉരസിനോക്കൂ. തലമുടിയിലും ബലൂണിലും വിപരീത സ്റ്റാറ്റിക് ചാര്‍ജ്ജുകള്‍ ഉണ്ടാകുന്നു. ഇങ്ങനെ ഉരസിയ ബലൂണ്‍ തലമുടിക്ക് അടുത്തു കൊണ്ടുവരുമ്പോള്‍ തലമുടിയും ബലൂണും പരസ്പരം ആകര്‍ഷിക്കപ്പെടുന്നു.

തലയില്‍ നന്നായി ഉരസിയ ഒരു വീര്‍പ്പിച്ച ബലൂണ്‍ അടുത്തുള്ള ഭിത്തിയില്‍ വെച്ചുനോക്കുക. ബലൂണ്‍ ഭിത്തിയില്‍ തന്നെ ഇരിക്കുന്നു.

വസ്തുക്കള്‍ തമ്മില്‍ ഉരസുമ്പോള്‍ ഇലക്ട്രോണുകള്‍ ഒന്നിന്റെ പ്രതലത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റപ്പെടുന്നു. അങ്ങനെ ഒന്നില്‍ നെഗറ്റീവ് ചാര്‍ജ്ജും മറ്റൊന്നില്‍ പോസിറ്റീവ് ചാര്‍ജ്ജും നിര്‍മ്മിക്കപ്പെടുന്നു.

ഷൂസ് ധരിച്ച് കാര്‍പ്പെറ്റിലൂടെ കുറെനേരം നടക്കുമ്പോള്‍, കാര്‍പ്പെറ്റിലെ ഇലക്ട്രോണുകള്‍ ഷൂസിലേക്കും തദ്വാരാ നമ്മുടെ ശരീരത്തിലേക്കും കടന്ന് മോശമല്ലാത്ത ഒരു നെഗറ്റീവ് ചാര്‍ജ്ജ് നമ്മുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നു. മറ്റേതെങ്കിലും വസ്തുവിലേക്ക് സന്നിവേശിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ ചാര്‍ജ്ജ്, ലോഹ വാതില്‍പ്പിടിയിലോ മറ്റോ നാം സ്പര്‍ശിക്കുമ്പോള്‍ അതിലേക്ക് കടന്ന് ചെറിയ വൈദ്യുതഷോക്കാക്കി മാറ്റുന്നു.

സൂപ്പര്‍മാര്‍ക്കെറ്റുകളില്‍ ട്രോളി ഉന്തുമ്പോള്‍ ട്രോളിവീലും തറയും തമ്മില്‍ പ്രവര്‍ത്തിച്ചും കാറില്‍ സഞ്ചരിക്കുമ്പോള്‍ ശരീരവും സീറ്റും തമ്മില്‍ പ്രവര്‍ത്തിച്ചും സ്റ്റാറ്റിക് ചാ‍ര്‍ജ്ജ് സൃഷ്ടിക്കപ്പെടറുണ്ട്.

സ്റ്റാറ്റിക് ചാര്‍ജ്ജുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ദോഷം വിതച്ചേക്കാമെങ്കിലും ഉപകാരിയാകുന്ന സന്ദര്‍ഭങ്ങളും ധാരാളമുണ്ട്. ഫോട്ടോകോപ്പി മെഷീനുകളും, ലേസര്‍ പ്രിന്ററുകളും അങ്ങനെ മറ്റു പലതരം യന്ത്രങ്ങളും പ്രവര്‍ത്തിക്കുന്നത് സ്റ്റാറ്റിക് വൈദ്യുതിയെ ആധാരമാക്കിയാണ്.
© ScienceUncle. All rights resereved.

7 comments:

  1. സയന്‍സ് അങ്കിള്‍, ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗിലെ ഒരു ലേഖനം വായിക്കുന്നത്. ആര്‍ക്കൈവ്സില്‍ നോക്കിയപ്പോള്‍ ശരിക്കും സന്തോഷം തോന്നി. എന്തെല്ലാം വിഷയങ്ങള്‍ ഇതിനോടകം ചര്‍ച്ചചെയ്തുകഴിഞ്ഞിരിക്കുന്നു! തീര്‍ച്ചയായും ഇത് ഇന്റര്‍നെറ്റില്ലൂടെ ലഭ്യമായ മലയാളവെബ്സൈറ്റുകളില്‍ വിലപ്പെട്ട ഒന്നാണെന്നതില്‍ സംശയമില്ല. വിദ്യാര്‍ത്ഥികള്‍ക്കും, അറിവുകള്‍ വായിക്കാനും പങ്കിടാനും ആഗ്രഹമുള്ളവര്‍ക്കും ഇത് എന്നും പ്രയോജനകരമായിരിക്കുകയും ചെയ്യും. മലയാളം ബ്ലോഗുകള്‍ നോക്കിയാല്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇങ്ങനെ ഒരേ Consistency ല്‍ വിജ്ഞാനപ്രദമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്, അതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം. ഈ നിസ്വാര്‍ത്ഥ സേവനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  2. അങ്കിള്‍,

    ബാംഗളൂരില്‍ സാധാരണ ഒരാളുടെ ശരീരത്തില്‍ സന്നിവേശിപ്പിയ്ക്കപ്പെടുന്ന സ്റ്റാറ്റിക് വൈദ്യുതി താരതമേന കൂടുതലാണ്, അനുഭവത്തിന്റെ വെളിച്ചത്തില്‍. ഇവിടെ താരതമേന വായൂ ഈര്‍പ്പം കുറഞ്ഞതാവുന്നതും (ഹ്യുമിഡിറ്റി കുറവ്‌ )അതിനാല്‍ തന്നെ ഘര്‍ഷണം കൂടുതാലുന്നതും ആവാം കാരണം.

    ഓഫീസില്‍ നിന്ന് വന്ന് വസ്ത്രം മാറുമ്പോള്‍ ശരിയ്ക്കും ഇത് അനുഭവപ്പെടാറൂണ്ട്. എന്റെ ഒരു സുഹൃത്ത് വളരെ ശ്രദ്ധപൂര്‍വ്വം മാത്രമേ വെള്ളത്തിന്റെ ടാപ്പുകളിലും മറ്റും തോടാറൂണ്ടായിരുന്നുള്ളൂ, ഷോക്ക് ഏ‍ല്‍ക്കാതിരിയ്ക്കാന്‍.

    ReplyDelete
  3. അപ്പൂ..
    താങ്കള്‍ ശരിക്കും സയന്‍സ് അങ്കിളിന്റെ മനസ്സ് കണ്ടിരിക്കുന്നു... താങ്കള്‍ പറഞ്ഞതു തന്നെയാണ് സയന്‍സ് അങ്കിളിന്റെ മുഴുവന്‍ ഉദ്ദേശ്യവും.. ഇത്തരം അഭിപ്രായങ്ങള്‍ സയന്‍സ് അങ്കിളിനെ വീണ്ടും വീണ്ടും മികച്ച ഉള്ളടക്കങ്ങള്‍ക്ക് നിര്‍ബ്ബന്ധിതനാക്കുന്നു.

    താങ്കളുടെ ബ്ലോഗുകളും വളരെ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നവയാണല്ലോ!
    - - - - - - - - - - - -
    N.J ജോജൂ.... ബാംഗ്ലൂരിനെപ്പറ്റിയുള്ള ആ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി! ദയവായി വീണ്ടും സന്ദര്‍ശിക്കുക!

    -സയന്‍സ് അങ്കിള്‍

    ReplyDelete
  4. ഈ പ്രതിഭാസത്തിന്റെ ഒരു ഇരയാണു ഞാനെന്നു പറയാം.. സൂപ്പര്‍ മര്‍ക്കറ്റ് ട്രോളിയില്‍ നിന്നു സ്ഥിരമായി "ഷോക്കേല്‍ക്കുന്ന"ഒരാളാണ്‌ ഞാന്‍. സാമാന്യം ശക്തമായ റിഫ്ലക്ഷന്‍ ഉണ്ടാകാറുണ്ട്. അതു പോലെത്തന്നെയാണ്‌ വാട്ടര്‍ ടാപ്പില്‍ നിന്നും ഏല്‍ക്കുന്നത്. അടുത്തിടെ ഒരു ഡോക്ടറുമായി ഈ വിഷയം സംസാരിച്ചിരുന്നു, ഇതത്ര കാര്യമാക്കേണ്ടെന്നു്‌ അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.
    എങ്കിലും ട്രോളിയില്‍ തൊടാന്‍ പേടിയാണിപ്പോള്‍ !!!!

    ReplyDelete
  5. നല്ല പോസ്റ്റ്...
    ആശംസകള്‍!
    :)

    ReplyDelete
  6. അങ്കിള്‍ വളരെ താമസിച്ചാണ് ഇവിടെ എത്തിയത്. ശാസ്ത്രലോകത്തിലെ കൌതുകങ്ങള്‍ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.

    വളരെ വിജ്ഞാനപ്രദമായ ഇത്തരം നിസ്വാര്‍ത്ഥ സേവനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    സ്റ്റാറ്റിക് വൈദ്യുതിമൂലം എനിയ്ക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് ഞാന്‍
    ഇവിടെ വിവരിച്ചിട്ടുണ്ട്.

    ReplyDelete