Thursday, December 13, 2007

വൃത്തിയായി ഒരു ദീര്‍ഘ വൃത്തം എങ്ങനെ വരക്കാം?

പല അവസരങ്ങളിലും നമുക്കു വൃത്തങ്ങള്‍ വരക്കേണ്ട ആവശ്യം വരാറുണ്ട്. അപ്പോഴൊക്കെ നാം കോമ്പസസിനെ ആശ്രയിക്കുകയാണ് ചെയ്യാറുള്ളത്. മൈദാനത്തൊ മറ്റോ അല്‍പ്പം വലിയ വൃത്തമാണ് വേണ്ടതെങ്കില്‍, നടുക്ക് ഒരു കുറ്റിയടിച്ച് അതില്‍ വള്ളികെട്ടി ചുറ്റും വരക്കുകയും ചെയ്യാം. പക്ഷേ ഒരു ദീര്‍ഘവൃത്തം വൃത്തിയായി എങ്ങനെ വരക്കാം?

ഈ സൂത്രവിദ്യ പറയുന്നതിനു മുന്‍പായി ദീര്‍ഘവൃത്തത്തെപ്പറ്റി നമുക്കു കുറച്ചു മനസ്സിലാക്കാം. വൃത്തത്തിന് ഒരു കേന്ദ്രമാണെങ്കില്‍ ദീര്‍ഘവൃത്തങ്ങള്‍ക്ക് രണ്ടു പ്രധാന കേന്ദ്രങ്ങളാണുള്ളത്! അവയെ ഫോക്കസുകള്‍ എന്നാണറിയപ്പെടുന്നത്. ദീര്‍ഘവൃത്തത്തിലെ ഏതൊരു ബിന്ദു പരിഗണിച്ചാലും രണ്ടു ഫോക്കസുകളില്‍ നിന്നും ഈ ബിന്ദുവിലേക്കുള്ള ദൂരങ്ങളുടെ തുക എവിടെയും തുല്യമായിരിക്കും.

ചിത്രം ശ്രദ്ധിക്കുക. ഇവിടെ x1 + x2 ദീര്‍ഘവൃത്തത്തിന്റെ എല്ലാ ബിന്ദുവിലും തുല്യമായിരിക്കും.
മേല്‍പ്പറഞ്ഞ നിയമമനുസരിച്ച് ഒരു തടിയിലോ മറ്റോ നിശ്ചിത ദൂരത്തില്‍ രണ്ടാണികള്‍ അടിക്കുക. അതിനുശേഷം ഒരു നൂലുപയോഗിച്ച് കുറച്ച് അയച്ച് ആണികളെ പരസ്പരം ബന്ധിപ്പിക്കുക. ഇനി ഒരു പെന്‍സിലെടുത്ത് നൂലില്‍ കുടുക്കി ചിത്രത്തില്‍ കാണുന്നത് പോലെ ആഞ്ഞു വലിച്ച് ചുറ്റും വരച്ചു നോക്കൂ. കൂട്ടുകാരുടെ ദീര്‍ഘവൃത്തം സൃഷ്ടിക്കപ്പെടുകയായി! ഇവിടെ ആണികള്‍ ഫോക്കസിന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്. രണ്ടാണികള്‍ക്കിടയിലുള്ള നൂലിന്റെ നീളം x1+x2 ആയിരിക്കുകയും ചെയ്യും.
© ScienceUncle. All rights resereved.

3 comments:

  1. ദീര്‍ഘവൃത്തം വര‍ച്ചു നോക്കിയോ? ഇഷ്ടമായോ?
    - സയന്‍സ് അങ്കിള്‍

    ReplyDelete
  2. ഒരുപാടൊരുപാടുനന്ദി.ഇതുവരെയുള്ള ലേഖനങ്ങള്‍ക്കും ചേര്‍ത്ത്.

    ReplyDelete
  3. നന്ദി, ശ്രീ കാവലാന്‍! ദയവായി വീണ്ടും വായിക്കുക.

    -സയന്‍സ് അങ്കിള്‍

    ReplyDelete