ഒരു വസ്തു വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കാനുള്ള ഉപകരണമാണ് പാരഷൂട്ട്.
അന്തരീക്ഷത്തില്‍ നിന്ന്‍ ഭക്ഷണം, ഉപകരണം, ആളുകള്‍ ഇവ സുരക്ഷിതമായി താഴേക്ക് ഇറക്കുവാന്‍ ഇത് ഉപയോഗിക്കുന്നു. വീഴ്ചയില്‍ നിന്ന്‍ സംരക്ഷിക്കുക എന്നാണ് പാരഷൂട്ട് എന്ന ഫ്രെഞ്ച് വാക്കിന്റെ അര്‍ഥം.
നമുക്കൊരു പാരഷൂട്ട് നിര്‍മ്മിച്ചാലോ?
ആവശ്യമായ സാധനങ്ങള്‍
തുണി, കട്ടിയുള്ള നൂല്‍, കത്രിക
ആദ്യമായി ഒരു ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പ്ളെയ്റ്റ് അല്ലെങ്കില്‍ അതേ വലുപ്പമുള്ള വൃത്താകൃതിയിലുള്ള മറ്റെന്തെങ്കിലും അടപ്പോ (ചിത്രം നോക്കുക) ഒരു തുണിക്ക് മുകളില്‍ കമഴ്ത്തി വെയ്ക്കുക. ഇനി ഒരു ചോക്ക് ഉപയോഗിച്ച് പാത്രത്തിന് ചുറ്റും തുണിയില്‍ ഒരു വൃത്തം വരയ്ക്കുക.
ഇനി അടയാളപ്പെടുത്തിയ സ്ഥലത്ത് കൂടി തുണി വൃത്തത്തില്‍ ഒരു കത്രിക ഉപയോഗിച്ച് സൂക്ഷിച്ച് വെട്ടിയെടുക്കുക.
വൃത്തത്തില്‍ വെട്ടിയെടുത്ത തുണി എട്ടായി മടക്കി, ഓരോ മടക്കും ചോക്കുപയോഗിച്ച് അടയാളപ്പെടുത്തുക. (ചിത്രം നോക്കുക)
ഇനി നമുക്ക് ഒന്നര അടി നീളം വീതമുള്ള കട്ടിയുള്ള 8 നൂലുകള്‍ വേണം.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം ഈ നൂലുകള്‍ വൃത്തത്തിലുള്ള തുണിയുടെ വക്കില്‍ അടയാളപ്പെടുത്തിയ ഓരോ സ്ഥലത്തും കെട്ടിയുറപ്പിക്കുക. 8 നൂലുകളും കുരുങ്ങാതെ താഴേക്ക് തൂക്കിയിടുക.
ഇനി അവയുടെ അഗ്രങ്ങള്‍ ഒരുമിച്ച് കെട്ടി അതില്‍ ചെറിയ ഒരു ഭാരവും കെട്ടിയുറപ്പിക്കുക. ഈ ഭാരത്തേയാണ് നമ്മുടെ പാരഷൂട്ടിന് വഹിക്കേണ്ടത്.
പാരഷൂട്ട് പറക്കാന്‍ തയ്യാറായിക്കഴിഞ്ഞു.
കുറച്ച് ഉയരത്തില്‍ നിന്ന്‍ പാരഷൂട്ട് താഴേക്ക് ഇട്ട് നോക്കൂ. തുണിയില്‍ വായു കയറി നിറഞ്ഞ് അത് പതിയെ താഴേക്ക് സഞ്ചരിച്ച് തുടങ്ങും.
© ScienceUncle. All rights resereved.