വൃത്തത്തിന്റെ ഏത് ഞാണുകളുടേയും ലംബസമഭാജി വൃത്തകേന്ദ്രത്തിലൂടെ കടന്നു പോകുമെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞുവല്ലോ. ലംബസമഭാജി എങ്ങനെ വരക്കുമെന്ന് ഇപ്പോള്‍ നോക്കാം.
രണ്ടു രീതിയില്‍ ലംബസമഭാജികള്‍ വരയ്ക്കാം. ഒന്നാമത്തത്, രേഖയളന്ന് അതിന്റെ പകുതി കണ്ടു പിടിച്ച് (രണ്ടുകൊണ്ട് ഹരിച്ച്!), അവിടെ നിന്ന് സെറ്റ്സ്‌ക്വയര്‍ ഉപയോഗിച്ച് ലംബമായി ഒരു നേര്‍വര വരക്കലാണ്. താഴെയുള്ള രണ്ടു ചിത്രങ്ങള്‍ ശ്രദ്ധിക്കുക.
മറ്റൊരു രീതി കോമ്പസസ് ഉപയോഗിച്ചുള്ളതാണ്. താഴെയുള്ള ചിത്രത്തില്‍ കാണുന്നതു പോലെ രേഖയുടെ ഓരോ അഗ്രബിന്ദുവില്‍ നിന്നും രേഖയുടെ പകുതിയേക്കാള്‍ വലുപ്പത്തില്‍ കോമ്പസ് അകറ്റി ശരിപ്പെടുത്തി ഒരു ചാപം വരക്കുക. ശരിപ്പെടുത്തിയ കോമ്പസസിന്റെ അളവ് (മുനയില്‍ നിന്ന് പെന്‍സിലിലേക്കുള്ള ദൂരം) ഇനി മാറ്റരുതേ.
രേഖയുടെ രണ്ട് അഗ്രങ്ങളില്‍ നിന്നും ഇങ്ങനെ മുകളിലും താഴെയുമായി മൊത്തം നാലു ചാപങ്ങള്‍ വരയ്ക്കുക.
മുകളിലുള്ള ചാപങ്ങള്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ബിന്ദുവില്‍ നിന്നും താഴെയുള്ള ചാപങ്ങള്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ബിന്ദുവിലേക്ക് സ്കെയില്‍ ഉപയോഗിച്ച് ഒരു നേര്‍വര വരയ്ക്കുക. ഈ നേര്‍വരയാണ് നമ്മുടെ രേഖയുടെ ലംബസമഭാജി. അതായത് ഇപ്പോള്‍ നാം വരച്ച വര നമ്മുടെ രേഖയെ കുത്തനെ തുല്യഭാഗങ്ങളാക്കി മുറിക്കുന്നു.
രാമു ആശാന് സ്റ്റേഡിയത്തില്‍ ലംബ സമഭാജി വരയ്ക്കാന്‍ പറ്റിയ കോമ്പസസുകള്‍ ഒന്നുമില്ലാത്തതിനാല്‍ നീളമുള്ള കുറച്ചു കയര്‍ കൊണ്ട് ചാപം വരച്ചാല്‍ മതിയാകും.
സ്കൂളില്‍ പഠിച്ചിരുന്ന കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി തന്ന ‘സയന്‍സ് അങ്കിളി‘നു നന്ദി. പേപ്പറില്‍ ഇപ്പോള്‍ വരയില്ലെങ്കിലും വര്‍ക്ക് സൈറ്റില്‍ ഉപകാരപ്പെടുന്ന കാര്യങ്ങളാണിവ. അഭിനന്ദനങ്ങള്‍
ReplyDeleteCaduser2003