Friday, May 16, 2008

ചെമ്പരത്തിയിലെ വര്‍ണ്ണക്കാഴ്ച!

വിവിധ നിറങ്ങളില്‍ ചെമ്പരത്തിപ്പൂക്കള്‍ ലഭ്യമാണ്. ഇവയെല്ലാം ഒരു ചെമ്പരത്തിച്ചെടിയില്‍ തന്നെ വിരിഞ്ഞെങ്കിലോ എന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടിണ്ടോ? ഗ്രാഫ്റ്റിംഗിലൂടെ (ഒട്ടിക്കല്‍) ഇതു സാധ്യമാക്കാം.
ആവശ്യമായ സാധനങ്ങള്‍
1. ബ്ലേഡ്
2. തയ്യല്‍ നൂല്‍
3. വിവിധ നിറങ്ങളിലെ ചെമ്പരത്തിയുടെ തലപ്പുകള്‍
4. നാടന്‍ ചെമ്പരത്തിത്തണ്ട്

ഒരു നാടന്‍ ചെമ്പരത്തിത്തണ്ട് ഒരു ചെടിച്ചട്ടിയില്‍ നട്ടുപിടിപ്പിച്ച് വളര്‍ത്തിയെടുക്കുക. ഇതിലേക്കാണു വിവിധ വര്‍ണങ്ങളിലുള്ള നമ്മുടെ മറ്റെല്ല്ലാ ചെമ്പരത്തികളും ഒട്ടിച്ചെടുക്കേണ്ടത്. ഇതിനെ ഗ്രാഫ്റ്റിംഗ് ഭാഷയില്‍ ‘സ്റ്റോക്ക് ‘ എന്നാണു വിളിക്കുന്നതു്.

ചെടി നല്ലവണ്ണം തഴച്ചു വളര്‍ന്നുകഴിഞ്ഞാല്‍ ഒട്ടിക്കാന്‍ തയ്യാറായി.

വിവിധ നിറങ്ങളിലെ ചെമ്പരത്തികളുടെ കുറെ തലപ്പുകള്‍ ശേഖരിക്കുക. ചെടിച്ചട്ടിയിലെ നാടന്‍ ചെമ്പരത്തിയുടെ ഇലകളെല്ലാം അടര്‍ത്തിക്കളയുക. ഇതിലേയ്ക്ക് ഒട്ടിക്കാന്‍ പോകുന്ന നാമ്പുകളുടെ വളര്‍ച്ചയ്ക് ശക്തി പകരുവാനാണ് ഇങ്ങനെ ചെയ്യുന്നതു്. നാടന്‍ ചെമ്പരത്തിയുടെ ഒരു ശിഖരത്തിലെ അഗ്രഭാഗം മൂര്‍ച്ചയുള്ള ഒരു ബ്ലേഡ് കൊണ്ട് ചിത്രത്തില്‍ കാണുന്നതു പോലെ നെടുകെ കീറുക. ഒട്ടിക്കേണ്ട ചെമ്പരത്തിയുടെ അഗ്രം ആപ്പു പോലെ ചെത്തിയെടുക്കുക. ഈ ചെത്തിയെടുത്ത ഭാഗത്തെ, ‘സയന്‍‘ എന്നു വിളിക്കുന്നു.


നാടന്‍ ചെമ്പരത്തിയുടെ (സ്റ്റോക്ക്) കീറി വെച്ചിരിക്കുന്ന വിടവിലേക്ക് ഈ ആപ്പ് (സയന്‍) ഇറക്കിവെച്ച് തയ്യല്‍ നൂലു കൊണ്ട് നന്നായി മുറുക്കി കെട്ടുക. മുറിഞ്ഞഭാഗങ്ങള്‍ വായു കടക്കാതെ നന്നായി ചേര്‍ന്ന് ഒട്ടിയിരിക്കുന്ന രീതിയിലാകണം കെട്ടേണ്ടത്. ഈ പ്രക്രിയ മറ്റു നിറങ്ങളിലെ ചെമ്പരത്തി സയന്‍ കൊണ്ടും ആവര്‍ത്തിക്കുക.

ഉദ്ദേശിച്ച എല്ലാ നിറങ്ങളും ഒട്ടിച്ചു തീര്‍ന്നതിനുശേഷം ചെടിച്ചട്ടി അധികം വെയിലും മറ്റും ഏല്‍ക്കാത്തവിധം മുറിക്കുള്ളില്‍ ഒരിടത്ത് വെയ്കുക. ദിവസവും ചട്ടി നല്ലവണ്ണം നനയ്ക്കുക. നനയ്കുമ്പോള്‍ ഒട്ടിച്ചിരിക്കുന്ന ഭാഗത്ത് വെള്ളം വീണ് നനയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഒരാഴ്ചക്കകം പിടിക്കുന്ന തലപ്പുകള്‍ നമുക്ക് മനസ്സിലായിത്തുടങ്ങും. ബാക്കിയുള്ളവ നശിച്ച് പോകും. തലപ്പുകള്‍ നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ ചെടിച്ചട്ടി വെളിയിലേക്കു് മാറ്റാം.

ഗ്രാഫ്റ്റിംഗ് സാധാരണഗതിയില്‍ വളരെ ശ്രദ്ധ ആവശ്യമായ ഒരു കലയാണെങ്കിലും ഇവിടെ പ്രതിപാദിച്ച വെഡ്ജ് ഗ്രാഫ്റ്റിംഗ് രീതി, അധികമൊന്നും പരിശീലനമില്ലെങ്കിലും ചെമ്പരത്തിയില്‍ നന്നായി വിജയിക്കാറുണ്ടു്.
© ScienceUncle. All rights resereved.

8 comments:

 1. ഗ്രാഫ്റ്റിംഗിനെക്കുറിച്ചു് ഒരു ലേഖനം. ദയവായി അഭിപ്രായങ്ങള്‍ അറിയിക്കുക.

  ReplyDelete
 2. അങ്കിളേ,
  ഗ്രാഫ്റ്റിംഗ് ചട്ടിയിലെ ചെടിയില്‍ മാത്രമേ പറ്റുകയൊള്ളോ? മണ്ണില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന നാടന്‍ ചെമ്പരത്തിയില്‍ പരീക്ഷിച്ചാല്‍ വിജയിക്കുമോ?

  ReplyDelete
 3. അങ്കിളേ , ഇത്തരം പോസ്റ്റുകള്‍ വളരെ ഉപകാരപ്രദമാണ്.

  ReplyDelete
 4. വിജ്ഞാനപ്രദം..
  ഈ പരിപാടി മറ്റ് ചെടികളിലും വിജയിക്കുമല്ലോ അല്ലെ? ഉദാഹരണമായി റോസ്, Bougainvillea(കടലാസുപൂവ്) തുടങ്ങിയവയിൽ?

  ReplyDelete
 5. ഈ അവധിക്ക്‌ ചെയ്തുനോക്കാന്‍ നല്ല ഒരു പണി.....അഭിനന്ദനങ്ങള്‍..പക്ഷേ ആ തലപ്പ്‌ എവീടെ നിന്ന് എന്ന് കൂടി വ്യക്തമായ ചിത്ര സഹിതം നല്‍കിയാല്‍ നന്നായിരുന്നു.ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 6. @ബിന്ദു, മണ്ണില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന നാടന്‍ ചെമ്പരത്തിച്ചെടിയിലും ചെയ്യാം. ഒരു കുഴപ്പവുമില്ല. പക്ഷേ ഗ്രാഫ്റ്റ് ചെയ്ത സ്ഥലം വെള്ളം കയറാതെയും അധികം വെയിലടിക്കാതെയും നോക്കണം.

  @തറവാടി, നന്ദി!

  @നന്ദു, റോസിനു പരക്കെ ചെയ്തു വരുന്ന ഗ്രാഫ്റ്റിംഗ് രീതി ഇതല്ല. അതിനു് T-ബഡ്ഡിംഗ് എന്ന ഗ്രാഫ്റ്റിംഗ് രീതിയാണ് ചെയ്യുന്നതു്. കടലാസു ചെടിയില്‍ വെഡ്ജ് ഗ്രാഫ്റ്റിംഗ് വിജയിക്കാന്‍ സാധ്യതയുണ്ട്.

  @‌അരീക്കോടന്‍, തലപ്പു മനസ്സിലായില്ലേ? ചെമ്പരത്തിച്ചെടിയുടെ ഏതെങ്കിലും ശിഖരത്തിന്റെ അഗ്രം രണ്ടു വശവും ആപ്പു പോലെ ചെത്തിയെടുക്കുക - അത്ര തന്നെ!

  ReplyDelete
 7. തയ്യല്‍ നൂല്‍ മതിയോ ?
  മഴയത്ത് വെള്ളം ഇറങ്ങാതിരിക്കാന്‍ പ്ലാസ്റ്റിക്ക് ടേപ്പ് ചുറ്റണ്ടേ ?

  ReplyDelete