Wednesday, April 30, 2008

ഹൈഡ്രജനും ഓക്സിജനും വീട്ടില്‍ ഉണ്ടാക്കാമോ?

രണ്ടു ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നാണ് ജലമുണ്ടായിരിക്കുന്നത് എന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? ഏതെങ്കിലും ഒരു രീതിയില്‍ ജലം വിഘടിപ്പിച്ച് എടുത്താല്‍ ഈ രണ്ടു വാതകങ്ങളും നമുക്ക് നിര്‍മ്മിക്കാന്‍ സാധിക്കുമല്ലോ.

വൈദ്യുത വിശ്ലേഷണ പ്രക്രിയയിലൂടെ ജലത്തെ വിഘടിപ്പിക്കുന്ന വിദ്യ മനസ്സിലാക്കിക്കൊള്ളൂ.

ആവശ്യമായ സാധനങ്ങള്‍
1. ഒരു ചിരട്ട
2. പഴയ ഡ്രൈസെല്ലില്‍ നിന്നും വേര്‍പെടുത്തിയെടുത്ത വൃത്തിയാക്കിയ ഒരു കാര്‍ബണ്‍ ദണ്ഡ്.
3. കുറച്ച് അലക്കു കാരം
4. മൂന്ന് ഡ്രൈസെല്‍ ബാറ്ററി
5. ബന്ധിപ്പിക്കാനുള്ള വയറുകള്‍
6. പശ
7. വാതകം സംഭരിക്കാനുള്ള രണ്ടു ടെസ്റ്റ് ട്യൂബ്
8. വെള്ളം

ചിരട്ടക്കടിയില്‍ രണ്ട് ദ്വാരങ്ങള്‍ ഇടുക. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ കാര്‍ബണ്‍ ദണ്ഡ് രണ്ടായിമുറിച്ച് ഓരോ ദണ്ഡും കുറച്ച് വെളിയിലേക്ക് തള്ളിയിരിക്കുന്ന രീതിയില്‍ ഓരോ ദ്വാരത്തിലും കയറ്റി വെച്ച് പശയുപയോഗിച്ച് സീല്‍ ചെയ്യുക. രണ്ട് വയറുകള്‍ അഗ്രത്തുള്ള ഇന്‍സുലേഷന്‍ നീക്കി ഓരോ ദണ്ഡിന്റേയും തള്ളിയിരിക്കുന്ന ഭാഗത്ത് നന്നായി ചുറ്റി ഉറപ്പിക്കുക. ചിരട്ടയിലേക്ക് വെള്ളം ഒഴിക്കുക. വെള്ളം ഒരു നല്ല വൈദ്യുത ചാലകമല്ലാത്തതിനാല്‍ ചിരട്ടയിലെ വെള്ളത്തിലേക്ക് കുറച്ച് അലക്കുകാരം ഇട്ട് ഇളക്കുക.

വാതകം സംഭരിക്കുവാനായി നമ്മള്‍ കരുതിയ രണ്ട് ടെസ്റ്റ് ട്യൂബുകളിലും നിറയേ വെള്ളം നിറച്ച് തള്ളവിരല്‍ കൊണ്ടമര്‍ത്തി തലകീഴായി ചിരട്ടക്കുള്ളിലെ വെള്ളത്തില്‍ കാര്‍ബ്ബണ്‍ ദണ്ഡുകള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കുക. ടെസ്റ്റ് ട്യൂബ് കിട്ടാത്തവര്‍ രണ്ട് ചെറിയ വെളുത്ത കുപ്പികള്‍ സംഘടിപ്പിച്ചാലും മതി.

വൈദ്യുതവിശ്ലേഷണത്തിനുള്ള സംവിധാനം തയ്യാറായിക്കഴിഞ്ഞു. ഇനി കാര്‍ബ്ബണ്‍ ദണ്ഡില്‍ ബന്ധിപ്പിച്ചിരിക്കുന്ന വയറുകളുടെ മറ്റു രണ്ടഗ്രങ്ങള്‍ ബാറ്ററിയുമായി ഘടിപ്പിക്കുക. ഇപ്പോള്‍ വൈദ്യുത വിശ്ലേഷണം ആരംഭിക്കുകയായി! ജലം വിഘടിച്ച് ഗുമിളകളായി ഓരോ ടെസ്റ്റ് ട്യൂബുകളിലും നിറയാന്‍ തുടങ്ങുന്നു. വാതകം നിറയുന്ന മുറക്ക് ടെസ്റ്റ് ട്യൂബില്‍ നിന്നും ജലം ഇറങ്ങിത്തുടങ്ങുന്നു.

വൈദ്യുതവിശ്ലേഷണപ്രക്രിയയില്‍ വൈദ്യുതി മൂലം വെള്ളത്തിന്റെ ഹൈഡ്രജന്‍-ഓക്സിജന്‍ രാസബന്ധത്തെ തകര്‍ത്ത് അവ തമ്മില്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. മുമ്പു സൂചിപ്പിച്ചതു പോലെ, വെള്ളത്തിന്റെ ഒരു തന്മാത്ര രണ്ടു് ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്സിജന്‍ ആറ്റവും ചേര്‍ന്നാണു് ഉണ്ടായിരിക്കുന്നതു്. അതിനാല്‍ ടെസ്റ്റ് ട്യൂബില്‍ നിറയുന്ന ഹൈഡ്രജന്റെ അളവ് ഓക്സിജനെ അപേക്ഷിച്ച് ഇരട്ടിയായിരിക്കും. നെഗറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (കാഥോഡ്) നിന്നും ഹൈഡ്രജനും പോസിറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (ആനോഡ്) നിന്നും ഓക്സിജനുമാണ് ഉണ്ടാകുന്നതു്.
© ScienceUncle. All rights resereved.

7 comments:

  1. അതു കൊള്ളാം അങ്കിളെ. ഒന്നു പരീക്ഷിച്ചു നോക്കട്ടെ. നന്ദി.

    ReplyDelete
  2. ഇത് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകര്‍ കാണിച്ചു തന്നതായിരുന്നു....അന്ന് അലക്കുകാരത്തിന് പകരന്‍ നാരങ്ങാ നീരാണ് ഉപയോഗിച്ചിരുന്നത്.........

    ReplyDelete
  3. നല്ല പോസ്റ്റുകള്‍.

    ചിത്രം പ്രകാരം +ve അഗ്രം ഘടിപ്പിച്ച ദണ്ഡില്‍ നിന്നും ഹൈഡ്രജന്‍ ഉണ്ടാവുന്നു. അല്ലേ? അതും കൂടി പോസ്റ്റില്‍ സൂചിപ്പിക്കാമായിരുന്നു.

    ReplyDelete
  4. കുട്ടികള്‍ക്കു പഠിക്കാന്‍ വളരെ ഉപകാരപ്രദം.കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കട്ടെ.

    ReplyDelete
  5. അങ്കിളേ ഇത് നല്ല പരിപാടിയാണല്ലോ !
    വെള്ളത്തിന്നു നിറം കൂടുതല്‍ ഒന്നും ഇല്ലല്ലോ?

    ReplyDelete
  6. പാമരന്‍, തോന്ന്യാസി, ചിത്രകാരന്‍,സന്തോഷ്, ഐറ്റിഅങ്കിള്‍ .. എല്ലാവര്‍ക്കും നന്ദി! സന്തോഷ് സൂചിപ്പിച്ചതുപോലെ ലേഖനം മാറ്റാം. പക്ഷേ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് നെഗറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ നിന്നും ഹൈഡ്രജന്‍ വരുന്നു എന്നാണ്. ബ്ലോഗര്‍ ചിത്രം ചെറുതാക്കിയത് കൊണ്ട് തോന്നിയതായിരിക്കാം.
    -സയന്‍സ് അങ്കിള്‍

    ReplyDelete
  7. ee hydrogen niracha balloon parappikkan pattumo? hydrogen baloonil nirachirikkunna gas pure hydrogen aano?

    ReplyDelete